gst

 ഒക്‌ടോബറിൽ ലഭിച്ചത് ₹95,380 കോടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ നിരാശപ്പെടുത്തി ഒക്‌ടോബറിലും ജി.എസ്.ടി സമാഹരണം കുത്തനെ ഇടിഞ്ഞു. 95,380 കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്. 2018 ഒക്‌ടോബറിൽ ഒരുലക്ഷം കോടി രൂപ ലഭിച്ചിരുന്നു. തുടർച്ചയായ മൂന്നാംമാസമാണ് വരുമാനം ഒരുലക്ഷം കോടി രൂപയിൽ താഴെയാകുന്നത്.

സെപ്‌തംബറിൽ 91,916 കോടി രൂപയും ആഗസ്‌റ്രിൽ 98,202 കോടി രൂപയും ലഭിച്ചിരുന്നു. പ്രതിമാസം ഒരുലക്ഷം കോടി രൂപ സമാഹരിക്കുകയെന്ന കേന്ദ്രലക്ഷ്യമാണ് തുടർച്ചയായി പൊലിയുന്നത്. ഉത്സവകാലം നിറഞ്ഞുനിന്ന ഒക്‌ടോബറിൽ ജി.എസ്.ടി വരുമാനം ഇടിഞ്ഞത്, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയുമാണ്.

കഴിഞ്ഞമാസം 17,582 കോടി രൂപ കേന്ദ്ര ജി.എസ്.ടിയായും 23,674 കോടി രൂപ സംസ്ഥാന ജി.എസ്.ടിയായും 46,517 കോടി രൂപ സംയോജിത ജി.എസ്.ടിയായും ലഭിച്ചു. 7,607 കോടി രൂപ സെസ് ഇനത്തിലും സമാഹരിച്ചു. 73 ലക്ഷം ജി.എസ്.ടി.ആർ 3ബി റിട്ടേണുകളാണ് ഒക്‌ടോബറിൽ സമർപ്പിക്കപ്പെട്ടത്.