voting

ന്യൂഡൽഹി: ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ വച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടമായാണ് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 13 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. 20 സീറ്റിലായി രണ്ടാം ഘട്ടം ഡിസംബർ ഏഴിനും, 17 സീറ്റുകളിലായി മൂന്നാം ഘട്ടം ഡിസംബർ 12നും, 15 സീറ്റുകളിലായി നാലാം ഘട്ടം ഡിസംബർ 16നുമാണ് നടക്കുക. അവസാനഘട്ട വോട്ടെടുപ്പ് ബാക്കിയുള്ള 16 സീറ്റുകളിൽ ഡിസംബർ 20നും നടക്കും. മുഴുവൻ മണ്ഡങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 23നാകും നടക്കുക.

2020 ജനുവരി അഞ്ചിനാണ് ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുക. ആകെ 81 സീറ്റുകളാണ് സംസ്ഥാന നിയമസഭയിൽ ഉള്ളത്. ഇതിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 49 അംഗങ്ങളും സഖ്യകക്ഷികളായ എസ്.ജെ.എസ്.യുവിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. 17 അംഗങ്ങളുള്ള ഝാർഖണ്ഡ് മുക്തിമോർച്ചയാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി. കോൺഗ്രസിന് 5 സീറ്റുകളാണ് ഉള്ളത്. ബാക്കിയുള്ള പാർട്ടികൾക്ക് 5 സീറ്റുകളുണ്ട്. രണ്ട് സീറ്റുകൾ നിയമസഭയിൽ ഒഴിഞ്ഞ് കിടക്കുകയാണ്.