ന്യൂഡൽഹി: അയോദ്ധ്യകേസിലെ സുപ്രിംകോടതി വിധിക്ക് മുൻപ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണമെന്ന എൻ.സി..പി അദ്ധ്യക്ഷൻ ശരദ്പവാറിന്റെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ബാലാസാഹിബ് തൊറാട്ട്, അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരാണു ഡൽഹിയിലെത്തിയത്.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണനൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സാഹചര്യങ്ങൾ ധരിപ്പിക്കുകയും ഹൈക്കമാൻഡിന്റെ അനുമതി തേടുകയുമാണ് ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. വെള്ളിയാഴ്ച രാവിലെ എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബിജെപി-ശിവസേന തർക്കം കാരണം മഹാരാഷ്ട്രയിൽ സര്ക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാണ്. രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാതെ സർക്കാർ രൂപീകരിക്കാൻ ചേരില്ലെന്നാണ് ശിവസേനയുടെ നിലപാട്. ആദിത്യ താക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നും സേന ആവശ്യപ്പെടുന്നു.