ഇസ്ലാമാബാദ്: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കാശ്മീർ വിഷയം പാകിസ്ഥാനികളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് പുതിയ സർവെ വ്യക്തമാക്കുന്നത്. പാകിസ്ഥാനിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം വർധിച്ചുവരുന്ന നാണയപ്പെരുപ്പമാണെന്നും സർവെ പറയുന്നു. ഗല്ലപ് ഇന്റർനാഷണൽ എന്ന ഏജൻസി പാകിസ്ഥാനിലെ നാലു പ്രവിശ്യകളിലും നടത്തിയ സർവേയിലാണ് അമ്പരപ്പിക്കുന്ന ഈ വിവരം.
ജനങ്ങൾക്ക് പ്രധാനമായും ബുദ്ധിമുട്ടുണ്ടാക്കുന്നത് രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. സർവേയിൽ പങ്കെടുത്തവരിൽ 53 ശതമാനവും അഭിപ്രായപ്പെട്ടത് രൂക്ഷമാവുന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ് ബാധിക്കുന്നതെന്നാണ്. തൊഴിലില്ലായ്മ (23%), കശ്മീർ പ്രശ്‌നം (8%), അഴിമതി (4%), ജലദൗർലഭ്യം (4%) എന്നിങ്ങനെയാണ് ജനങ്ങൾ നേരിടുന്ന മറ്റു പ്രശ്‌നങ്ങളെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
പാകിസ്ഥാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം, ഊർജ്ജ പ്രതിസന്ധി, ഡെങ്കിപ്പനിയുടെ വ്യാപനം തുടങ്ങിയവയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണെന്ന് സർവെ ഫലം വ്യക്തമാക്കുന്നു. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയിൽ കൂടി ഉൾപ്പെടുത്തിയാൾ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കണക്കിലെടുത്ത് പാകിസ്ഥാൻ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.