പാലക്കാട്: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് ആവർത്തിച്ച് സി.പി.ഐ. സ്ഥലം സന്ദർശിച്ചതിൽനിന്നും പ്രദേശവാസികളുമായി സംസാരിച്ചതിൽ നിന്നും ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാമ് ബോദ്ധ്യപ്പെടുന്നതെന്ന് സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘം. സംഘം മാധ്യമങ്ങളോട് പറഞ്ഞു.
അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരതയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് പ്രതികരിച്ചു. പൊലീസ് പദ്ധതിയിട്ട് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് വ്യക്തമാണ്. കാൽ പൂർണമായി തകർന്നയാളടക്കം കൊല്ലപ്പെടുന്നതും മാവോയിസ്റ്റുകൾ തോളിൽ വെടിയേറ്റ് മരിച്ചതുമടക്കം വിഷയങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. മാവോയിസ്റ്റുകൾ പ്രദേശവാസികളെ ഉപദ്രവിക്കുകയോ ഭക്ഷണം പിടിച്ചുപറിക്കുകയോ ചെയ്തിട്ടില്ലെന്ന് സമീപ ഊരിലെ ആദിവാസികൾ സംഘത്തോട് പറഞ്ഞതായും പ്രസാദ് വ്യക്തമാക്കി.
പൊലീസ് ഭാഷ്യം ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രതിനിധി സംഘം മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും വിഷയത്തിൽ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എം.എൽ.എമാരായ ഇ.കെ. വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.