കോളേജ് പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായിട്ടും ബിനീഷ് ബാസ്റ്റിൻ എന്ന നടൻ വേദിയിൽ അപമാനിക്കപ്പെട്ട സംഭവമാണ് കേരളപ്പിറവി ദിനത്തിലെ പ്രധാന വാർത്തകളിലൊന്ന്. പത്താംക്ലാസ് തോറ്റ കൂലിപ്പണിക്കാരന്റെ ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ കഥയാണ് ബിനീഷിനു പറയാനുള്ളത്.
കൊച്ചി തോപ്പുംപടിയിലാണ് വീട്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ മരിയ. ഞങ്ങൾ നാലു മക്കൾ. ഇതായിരുന്നു കുടുംബം. കഷ്ടപ്പാടുകളും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. അപ്പന് ആദ്യം സ്വർണപ്പണിയായിരുന്നു. അത് നഷ്ടമായപ്പോൾ മൽസ്യത്തൊഴിലാളിയായി. എട്ടു വർഷം മുൻപ് അച്ഛൻ മരിച്ചു. അമ്മയാണ് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി വലുതാക്കിയത്. ബീഡി തെറുപ്പായിരുന്നു അമ്മയുടെ ജോലി. സ്‌കൂൾ കാലത്തുതന്നെ ഞാൻ ചേട്ടന്മാരോടൊപ്പം വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു.
പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്‌ളാസ് തോറ്റപ്പോഴേക്കും അത് പിന്നെ സ്ഥിരം പണിയാക്കി. സഹോദരങ്ങൾ വിവാഹിതരായതോടെ ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ബാക്കിയുള്ള രണ്ടര സെന്റും വീടുമാണ് എനിക്ക് ലഭിച്ചത്. അവിടെയാണ് ഇപ്പോഴും ഞാനും അമ്മയും
ഞങ്ങളുടെ പ്രദേശത്ത് അതിനുശേഷം നിർമിച്ച പലവീടുകളും രണ്ടുംമൂന്നും വട്ടം പൊളിച്ചു പണിതിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്. ഇപ്പോൾ എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടിയിട്ടുണ്ട്.
എല്ലാവർഷവും വീട്ടിൽ ചെറുതായി വെള്ളം കയറുമെങ്കിലും കഴിഞ്ഞ വർഷം വാതിൽപ്പിടി ഉയരത്തിൽ വെള്ളം കയറി. അത് വാർത്തയായപ്പോഴാണ് എന്റെ വീടിന്റെ അവസ്ഥ പുറത്തുള്ളവർ അറിയുന്നത്. പുതിയ വീട് നിർമിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല.
ഞാൻ ഒരുപാട് സംവിധായകരുടെ അടുത്ത് ചാൻസ് ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. വിജയ് നായകനായ തെരി എന്ന സിനിമയിൽ ഒരു വേഷം ലഭിച്ചതാണ് വഴിത്തിരിവായത്. അതിനുശേഷം കൂടുതൽ അവസരങ്ങൾ വരാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിൽ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെയാണ് കടകളുടെ ഉദ്ഘാടനത്തിനും കോളജ് പരിപാടികൾക്കും ആളുകൾ വിളിക്കാൻ തുടങ്ങിയത്. പത്തിരുന്നൂറു കോളജുകളിൽ ഞാൻ ഇതിനോടകം അതിഥിയായി പോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ അപമാനമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് എന്നുമൊരു വേദനയായി എന്റെ മനസ്സിൽ ഉണ്ടാകും.