ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് ഗോവ മത്സരം സമനിലയിൽ
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫു്ടബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം മൻവീർ സിംഗ് നേടിയ ഗോളിൽ ഗോവ എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്രഡിനെ 2-2ന്റെ സമനിലയിൽ പിടിച്ചു. മത്സരം നോർത്ത് ഈസ്റ്റ് 2-1ന് ജയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് 96-ാം മിനിട്ടിലാണ് മൻവീർ ഹെഡ്ഡറിലൂടെ ഗോവയ്ക്ക് സമനില ഗോൾ സമ്മാനിച്ചത്. 93-ാംമിനിട്ടിൽ ഡുംഗൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായി കളിച്ചാണ് ഗോവ മത്സരം പൂർത്തിയാക്കിയത്.
നേരത്തേ മത്സരത്തിലെ ആദ്യ ഗോൾ നേടിയ ശേഷമാണ് ഗോവ ലീഡ് വഴങ്ങിയത്.
അഡ്വാൻസ് ചെയ്ത് നോർത്ത് ഈസ്റ്ര് ഗോളി സുഭാസിഷ് ചൗധരിയെ കബളിപ്പിച്ച് 31-ാം മിനിട്ടിൽ ഹ്യൂഗോ ബൗമസാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. തുടർന്ന് ഒന്നാം പകുതിയിൽ ഗോൾ മടക്കാൻ നോർത്ത് ഈസ്റ്ര് സ്ട്രൈക്കർ അസമോവ ഗ്യാനിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിൽ 54ാം മിനിട്ടിൽ ദുഷ്കരമായ ആംഗിളിൽ നിന്ന് തന്റെ ക്ലാസ് വ്യക്തമാക്കുന്ന ഗോളിലൂടെ ഗ്യാൻ തന്നെയാണ് നോർത്ത് ഈസ്റ്രിന് സമനില സമ്മാനിച്ചത്. 74-ാം റഡീം ത്ലാംഗ് നോർത്ത് ഈസ്റ്റ്ന് ലീഡ് നേടിക്കൊടുത്തു. എന്നാൽ കളി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ഫാൾ ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കി മൻവീർ ഗോവയുടെ രക്ഷകനാവുകയായിരുന്നു.