തിരുവനന്തപുരം : ബ്രിട്ടീഷുകാരും കോളനിവത്കരണവും നാടുവിട്ടിട്ട് അരനൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും അതിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇംഗ്ളീഷ് പേരുകളുടെ രൂപത്തിൽ ഇന്നും നിലനിൽക്കുന്നു. കേരളപ്പിറവിദിനമായ ഇന്നലെ മലയാളഭാഷാദിനമായി സംസ്ഥാനം ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ബഹുനില മന്ദിരങ്ങൾക്കെല്ലാം ഇപ്പോഴും ഇംഗ്ലീഷ് പേരുകൾ മാത്രം. മെയിൻ, നോർത്ത്, സൗത്ത്, നോർത്ത് സാൻഡ്വിച്ച്, സൗത്ത് സാൻഡ്വിച്ച് തുടങ്ങിയ പേരുകളിലാണ് കെട്ടിടങ്ങൾ അറിയപ്പെടുന്നത്.
പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് പലവട്ടം ഔദ്യോഗികഭാഷാസമിതിക്കു മുന്നിൽ അഭിപ്രായങ്ങൾ ഉയർന്നെങ്കിലും അതൊന്നും വെളിച്ചം കണ്ടില്ല. നവോത്ഥാന പാരമ്പര്യമുള്ള നാടിന്റെ ഭരണകേന്ദ്രത്തിന് നാളിതുവരെയും മലയാളത്തനിമയുള്ള പേരു നൽകാൻ ആരും തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതേസമയം സെക്രട്ടേറിയറ്റിന് വിളിപ്പാടകലെയുള്ള എം.എൽ.എ ഹോസ്റ്റലിലെ കെട്ടിടങ്ങൾ നദികളുടെ പേരിലും നഗരത്തിലെ പ്രധാന സർക്കാർ ഓഫീസായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ കെട്ടിടങ്ങൾ മലയാളമാസങ്ങളുടെ പേരിലുമാണ് അറിയപ്പെടുന്നത്. ടെക്നോപാർക്കിലെ കെട്ടിടങ്ങൾക്ക് പോലും മലയാളനാമങ്ങളാണ്.
തലസ്ഥാനത്തിന്റെ തിലകക്കുറിയായി സെക്രട്ടേറിയറ്റ് ഉയർന്നിട്ട് 150 വർഷം പിന്നിടുകയാണ്. ആഘോഷപരിപാടികൾ ഇന്നലെ തുടങ്ങിയതിനിടെയാണ് കെട്ടിടങ്ങൾക്ക് മലയാള നാമം വേണമെന്ന മലയാള ഭാഷാസ്നേഹികളുടെ ആവശ്യം വീണ്ടും ഉയരുന്നത്. നവോത്ഥാന നായകൻമാരുടെ പേരോ ആദ്യകാല മുഖ്യമന്ത്രിമാരുടെ പേരോ കെട്ടിടങ്ങൾക്ക് നൽകണമെന്നാണ് മലയാള ഭാഷാസ്നേഹികളുടെ ആവശ്യം. 1869 ജൂലായ് 8ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളാണ് പ്രധാന മന്ദിരം ഉദ്ഘാടനം ചെയ്തത്. പിന്നീട് വിവിധ ബ്ലോക്കുകൾ പണിത് പ്രധാന മന്ദിരത്തോട് കൂട്ടിച്ചേർത്തു. 1995ൽ അനക്സ് ഒന്നും, 2016ൽ അനക്സ് രണ്ടും നിർമ്മിച്ചു.
ഭാഷാസ്നേഹത്തിന്റെ പേരിൽ രാജ്യത്തെ നഗരങ്ങളുടെ പേരും കേരളത്തിലെ പ്രധാന പട്ടണങ്ങളുടെ പേരും ഒക്കെ മാറ്റിയിട്ടുണ്ട്. ട്രിവാൻഡ്രം ഇപ്പോൾ തിരുവനന്തപുരവും കൊച്ചിൻ കൊച്ചിയായും കാലിക്കറ്റ് കോഴിക്കോടായുമൊക്കെ മാറിയിട്ടും സെക്രട്ടേറിയറ്റിന് ഇംഗ്ളീഷ് ചുവ ഇനിയും മാറിയിട്ടില്ല.
മലയാളത്തിന്റെ രീതിയിൽ ചിന്തിക്കാൻ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയെന്ന് പറയുമ്പോഴും അടിമത്തത്തിന്റെ പ്രതീകമായി ഇത്തരം പേരുകൾ നിലനിൽക്കുന്നുണ്ട്. ഇനിയെങ്കിലും ഇത് മാറണമെന്നാണ് ആഗ്രഹം. വി. മധുസൂദനൻ നായർ
കവി