തിരുവനന്തപുരം : പ്രതിദിനം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന തലസ്ഥാന നഗരസഭയിൽ അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ ടെലിഫോണില്ല. വിളിച്ചാൽ നാലു ബെല്ലിനു ശേഷം പരിധിക്കു പുറത്താണെന്ന മറുപടി ലഭിക്കും. മാസങ്ങളായി ഇതാണ് സ്ഥിതി. നഗരസഭയിലെത്തി പലരും പരാതി പറഞ്ഞെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയുടെ ഐ.ടി വിഭാഗത്തിന് കീഴിലാണ് ടെലിഫോൺ സംവിധാനം പ്രവർത്തിക്കുന്നത്. ഇടയ്ക്ക് വിളിക്കുമ്പോൾ ഫോൺ എടുക്കും. എന്നാൽ ആവശ്യപ്പെടുന്ന സെക്ഷനിലേക്ക് കണക്ട് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇ.പി.ബി.എക്സ് സംവിധാനത്തിന്റെ തകരാറാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിളിച്ചാൽ ആരും എടുക്കാത്ത സ്ഥിതിയാണ്.
നഗരസഭയിൽ ഫോൺവിളിച്ചാൽ എടുക്കാൻ ആളില്ലെന്നത് നാളുകളായി ഉയരുന്ന ആക്ഷേപമാണ്. സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് അധികൃതർ തടിയൂരുമെങ്കിലും ടെലിഫോൺ ഓപ്പറേറ്റർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ് ഇതിന് കാരണം. രണ്ടു ടെലിഫോൺ ഓപ്പറേറ്റർമാർ നഗരസഭയിൽ ജോലിനോക്കുന്നുണ്ട്. ഒരാൾ സ്ഥിരം ജീവനക്കാരനും മറ്റൊരാൾ ദിവസവേതനാടിസ്ഥാനത്തിലുമാണ്. വിവിധ സെക്ഷനുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുണ്ടോയെന്ന് അറിഞ്ഞിട്ട് ഓഫീസിലേക്ക് എത്താൻ പ്രായമായവർ ഉൾപ്പെടെ രാവിലെ നഗരസഭയിലേക്ക് വിളിക്കും. ഫോൺ തകരാറിലായതോടെ ആളുകൾ നേരിട്ടെത്തി കാര്യം നടക്കാതെ മടങ്ങുന്ന സ്ഥിതിയാണ്. ഒരു ഫോൺകാളിലൂടെ നൽകേണ്ട സേവനം പോലും കൃത്യമായി നൽകാൻ കഴിയാത്ത നിലയിലേക്ക് തലസ്ഥാന നഗരസഭ മാറിയെന്ന് നഗരവാസികൾ പറയുന്നു.
ജനത്തിന് തീരാ ദുരിതം...
കഴക്കൂട്ടം മുതൽ പള്ളിത്തുറ വരെ നീണ്ടു കിടക്കുന്ന 100 വാർഡുകളടങ്ങുന്നതാണ് തലസ്ഥാന നഗരസഭ. ജനനം മുതൽ മരണം വരെയുള്ള വിവിധ ആവശ്യങ്ങൾക്കായി പ്രായമായവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരസഭയെ ആശ്രയിക്കുന്നത്. ഇവിടേക്കെത്തിയാൽ സെക്ഷനുകൾ കയറി ഇറങ്ങി മടുക്കുന്ന അവസ്ഥയാണ് മിക്കപ്പോഴും. ഇത് ഒഴിവാക്കാനാണ് ഭൂരിഭാഗം പേരും ഫോണിലൂടെ വിവരങ്ങൾ ആരായുന്നത്.
അടുത്തിടെ ഇ.പി.ബി.എക്സ് സംവിധാനം തകരാറിലായിരുന്നു. അതു പരിഹരിച്ചു. ഇപ്പോൾ മറ്റു പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. - ശ്യാം (ഐ.ടി ഓഫീസർ നഗരസഭ)