തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലെ ഫയൽക്കെട്ടുകൾക്കിടയിൽ നിന്ന് ഇറങ്ങിവന്ന്, തൊണ്ണൂറുകളിലെ സംഗീതസാന്ദ്രമായ കാലത്തേക്ക് ഇന്നലെ അഡി. ഡി.ജി.പി ടോമിൻ തച്ചങ്കരി നടന്നുപോയി. യേശുദാസും ചിത്രയും എം.ജി. ശ്രീകുമാറുമെല്ലാം പാടി അനശ്വരമാക്കിയ നിരവധി ഗാനങ്ങൾക്ക് ഈണം പകർന്ന തച്ചങ്കരി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ മ്യൂസിക് കണ്ടക്ടറായി. പാട്ടുകാരെല്ലാം യൂണിഫോമിട്ട പൊലീസുകാർ. എ.ഡി.ജി.പിയുടെ യൂണിഫോമിട്ട് തച്ചങ്കരി ഗായകസംഘത്തിന് താളംപിടിച്ചു. ഈണം തെറ്റാതെ പാട്ട് മുന്നോട്ടുനയിച്ചു. കേരളപ്പിറവി ദിനത്തിൽ പൊലീസിന്റെ റൈസിംഗ് ഡേ പരേഡിൽ കേരളത്തെ പുകഴ്ത്തിയുള്ള ദേശഭക്തിഗാനം അവതരിപ്പിച്ച് ടോമിൻ തച്ചങ്കരി കണ്ടക്ടറായ മ്യൂസിക് ബാൻഡ് കൈയടി നേടി. മൂന്നര മിനിട്ട് പാട്ട് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കൈയടിച്ചു. തച്ചങ്കരിയുടെ നേതൃത്വത്തിൽ പൊലീസ് ഗായകസംഘം രൂപീകരിക്കാൻ അനുമതിയും പിന്തുണയും നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
തൊണ്ണൂറുകളിൽ പൊലീസിന് സ്വന്തമായി ഗായകസംഘം ഉണ്ടായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുനാളിനുമൊക്കെ പൊലീസ് ഗായകസംഘം പാട്ടുപാടാനെത്തും. പൊലീസുകാർ മാത്രമുള്ള ഗായകസംഘത്തിന്റെ സംഗീതപരിപാടിക്ക് ഡിമാൻഡേറെയായിരുന്നു. കാലക്രമേണ പൊലീസ് ഗായകസംഘം ഇല്ലാതായി. ഇപ്പോൾ തച്ചങ്കരിയുടെ നേതൃത്വത്തിൽ പൊലീസ് ഓർക്കസ്ട്ര വീണ്ടും രൂപീകരിക്കാൻ ശ്രമിച്ചു. പൊലീസിലെ ആറു പാട്ടുകാരികളെയും അഞ്ച് പാട്ടുകാരെയും തബല, കീബോർഡ്, വയലിൻ എന്നിവയ്ക്കായി നാലുപേരെയും ഉൾപ്പെടുത്തി 15 പേരുടെ ഗായകസംഘമുണ്ടാക്കി. മ്യൂസിക് കണ്ടക്ടറായി തച്ചങ്കരിയും. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലാണ് പൊലീസ് ഗായകസംഘത്തിന്റെ പരിശീലനം. പൊലീസിന്റെ സംഗീത പരിശീലനത്തിന് ഒരു മുറി അവിടെ ലഭ്യമാക്കിയിട്ടുണ്ട്. പൊലീസ് ജോലി കഴിഞ്ഞിട്ടുള്ള സമയത്താണ് പരിശീലനം. സംഗീത ഉപകരണങ്ങൾ വാടകയ്ക്കെടുത്താണ് ഇന്നലെ പൊലീസുകാർ ദേശഭക്തിഗാനം അവതരിപ്പിച്ചത്. ഇനി എല്ലാ ഉപകരണങ്ങളും സ്വന്തമായി വാങ്ങും. പൊലീസ് ഗായകസംഘത്തെ പഴയ പ്രതാപത്തിലാക്കും. പൊലീസിന്റെ എല്ലാ ചടങ്ങുകൾക്കും ഇനി പൊലീസ് ഗായകസംഘത്തിന്റെ സംഗീത പരിപാടികളുണ്ടാവും- തച്ചങ്കരി പറഞ്ഞു.
കേരളപ്പിറവി ദിനത്തിൽ ദേശഭക്തി ഗാനാലാപനമായിരുന്നു ഗായകസംഘത്തിന്റെ ആദ്യ ചടങ്ങ്. മുഖ്യമന്ത്രിയും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ചീഫ് സെക്രട്ടറി ടോംജോസുമടക്കം ഉന്നതരെല്ലാം പങ്കെടുക്കുന്ന ചടങ്ങിൽ ഈണവും താളവും മുറിയാതെ പാട്ടു പൂർത്തിയാക്കാൻ തച്ചങ്കരി ഗായകസംഘത്തിനൊപ്പം നിന്നു. കേരളത്തെ സ്തുതിക്കുന്ന പഴയ പാട്ടിനെ പാശ്ചാത്യരീതിയിൽ താളം നൽകി അവതരിപ്പിച്ചത് തച്ചങ്കരിയാണ്. പ്രൊഫഷണൽ സംഗീത സംവിധായകനായ തച്ചങ്കരി കുറേക്കാലമായി ചലച്ചിത്ര രംഗത്തില്ല. എന്നാലും സംഗീതം കൈവിട്ടിരുന്നില്ല. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് തബല വായിച്ചായിരുന്നു. കെ.എസ്.ആർ.ടി.സിക്ക് തീം സോംഗുണ്ടാക്കി. കീബോർഡും തബലയും പാട്ടുമെല്ലാം തച്ചങ്കരിക്ക് വഴങ്ങും. ഏറെക്കാലത്തിനു ശേഷമാണ് മ്യൂസിക് കണ്ടക്ടറായി പൊതുവേദിയിലെത്തിയതെന്നും അത് മുഖ്യമന്ത്രിക്ക് മുന്നിലായതിൽ അഭിമാനമുണ്ടെന്നും തച്ചങ്കരി 'സിറ്റികൗമുദി'യോട് പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയ്ക്ക് പുറമെ സായുധ പൊലീസ് ബറ്റാലിയൻ അഡി. ഡി.ജി.പിയുടെ ചുമതലയും തച്ചങ്കരിക്കുണ്ട്.