തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസും പി.ഡബ്ലിയു.ഡി റോഡും കൂടിക്കുഴഞ്ഞ് ഇപ്പോൾ കൂട്ടക്കുഴപ്പമായി കിടക്കുന്ന തിരുവല്ലം ജംഗ്ഷനിലെ പ്രശ്ന പരിഹാരത്തിനായി പുതിയൊരു പാലം കൂടി നിർമ്മിക്കാൻ ധാരണയായി. ബൈപാസ് വികസനം വന്നതോടെ തിരുവല്ലം ജംഗ്ഷനിൽ ഉണ്ടായ അപകട സാദ്ധ്യത തുറന്നിടുന്ന ഗതാഗത പ്രശ്നങ്ങളെ കുറിച്ച് സെപ്തംബർ 21ന് സിറ്റി കൗമുദിയിൽ പ്രസിദ്ധീകരിച്ച 'അപകടങ്ങൾ തുടർക്കഥയാകുന്നു, വാഹനയാത്രക്കാരെ 'കൺഫ്യൂഷനിലാക്കി' തിരുവല്ലം ജംഗ്ഷൻ' എന്ന വാർത്തയെ തുടർന്നാണ് പരിഹാരനടപടികൾക്ക് തുടക്കമായത്.
തിരുവല്ലം ക്ഷേത്രത്തിന് സമീപം കടന്നു പോകുന്ന പി.ഡബ്ലിയു.ഡി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു മാത്രമായാണ് പുതിയ പാലം നിർമ്മിക്കുക. സ്ഥലമേറ്റെടുക്കുന്നത് ഉൾപ്പെടെ അഞ്ചുകോടി രൂപയുടെ അധിക ചെലവ് വേണ്ടിവരും. പദ്ധതിയുടെ രൂപരേഖ അന്തിമ അനുമതിക്കായി ഉടൻ സമർപ്പിക്കും.
തിരുവല്ലം റോഡിനെയും പഴയപാലത്തിൽ നിന്നു കിഴക്കേകോട്ടയിലേക്കുള്ള റോഡിനെയും ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കുക.
തിരുവല്ലം പോസ്റ്റ്ഓഫീസ് ഭാഗത്ത് നിന്നു കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ വൺവേ സംവിധാനം പാലിക്കാറില്ല. നിർബന്ധിപ്പിച്ച് വൺവേ സംവിധാനം ഏർപ്പാടാക്കിയാലും കുഴപ്പമുണ്ടാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴക്കൂട്ടത്ത് നിന്നു വരുന്ന വാഹനങ്ങൾക്ക് കോവളം ഭാഗത്തേക്ക് പോകേണ്ടത് പഴയപാലത്തിലൂടെയാണ്. ഈ വാഹനങ്ങൾക്ക് മുന്നിലേക്കാണ് തിരുവല്ലം ഭാഗത്ത് നിന്നു വൺവേ തെറ്റിച്ച് വാഹനങ്ങൾ എത്തുന്നത്. ഹൈവേ പൂർണ സജ്ജമാകുന്നതോടെ അപകടസാദ്ധ്യത ഇരട്ടിയാകും.
തിരുവല്ലത്ത് നിന്നു വരുന്നവർക്ക് പുതിയ പാലത്തിലൂടെ കടന്നുപോകാൻ ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും ദൂരക്കൂടുതൽ കാരണം ഡ്രൈവർമാർ വിമുഖത കാട്ടുകയാണ്. ഈഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ നിന്നു യു ടേൺ എടുത്ത് ദേശീയപാതയിൽ കോവളം ഭാഗത്തേക്ക് പോയശേഷം ഡിവൈഡർ മറികടന്ന് തിരികെ വന്ന് പുതിയ പാലത്തിലൂടെ കുമരിച്ചന്തയിൽ എത്തിയശേഷം വീണ്ടും യു ടേൺ എടുത്ത് മറുവശത്ത് കടന്നാൽ മാത്രമേ കിഴക്കേകോട്ടയിലേക്കുള്ള റോഡിലേക്ക് ഇറങ്ങാനാകൂ. ഇത് അപ്രായോഗികമാണെന്ന് യാത്രക്കാർ പറയുന്നു.
1 കിഴക്കേകോട്ട ഭാഗത്തു നിന്നു കോവളം, വെങ്ങാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും എതിർവശത്തെ കോവളം, വെങ്ങാനൂർ ഭാഗങ്ങളിൽ നിന്നു പി.ഡബ്ലിയു.ഡി റോഡിലൂടെ കിഴക്കേകോട്ട ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങളും കടന്നു പോകുന്നത് പഴയ പാലത്തിലൂടെയാണ്. കോവളം ഭാഗത്തേക്ക് ബൈപാസിൽ പോകണമെങ്കിലും ഈ പാലം തന്നെ ഉപയോഗിക്കണം. തിരക്കേറിയ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് മൂന്നു നാലു പൊലീസുകാരെങ്കിലും വേണം.
2 ബൈപാസിന്റെ രണ്ടു വശത്തുമുള്ള സർവീസ് റോഡുകൾ പാലങ്ങൾക്കടിയിൽ മുറിഞ്ഞു പോയ നിലയിലാണ്. അങ്ങനെ കടന്നു പോകാൻ കഴിയാത്തിടത്താണ് ബസ് സ്റ്റോപ്പും നിർമ്മിച്ചിട്ടുള്ളത്!
3 ചാക്ക ഭാഗത്തു നിന്ന് ബൈപാസു വഴി വരുന്ന വാഹനങ്ങൾ പി.ഡബ്ലിയു.ഡി റോഡിലേക്ക് കയറാനായി യു ടേണെടുക്കേണ്ട സ്ഥലത്തു കൂടിയാണ് കോവളം ഭാഗത്തു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പി.ഡബ്ലിയു.ഡി റോഡിലേക്ക് കയറുന്നതും. ഇതേ സ്ഥലത്തു കൂടി തന്നെയാണ് സർവീസ് റോഡുകൾ ബൈപാസിലേക്കു കയറുന്നതും. ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് ഇവിടെ.