പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓൺ എയർ എന്ന് പേരിട്ടു. ദിലീപാണ് ഈ ചിത്രത്തിലെ നായകൻ. ഒരു മാദ്ധ്യമ പ്രവർത്തകന്റെ വേഷമാണ് ദിലീപിന്.
നവാഗതരായ അരുണും നിരഞ്ജനും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജാഫേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫറാണ്. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം തുടങ്ങാനാണ് തീരുമാനം. എറണാകുളമായിരിക്കും ലൊക്കേഷൻ.മലയാളത്തിലെ താരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ജോഷി ചിത്രം ട്വന്റി 20 നിർമ്മിച്ചത് ദിലീപാണ്. റൺവേയും ലയണുമാണ് ദിലീപിനെ നായകനാക്കി ജോഷി ഇതിന് മുമ്പ് ഒരുക്കിയ ചിത്രങ്ങൾ. റൺവേയുടെ രണ്ടാംഭാഗമായ വാളയാർ പരമശിവവും ജോഷിയുടെ പരിഗണനയിലുള്ള മറ്റൊരു ദിലീപ് പ്രോജക്ടാണ്. ഉദയകൃഷ്ണയാണ് ഇൗ ചിത്രത്തിന് രചന നിർവഹിക്കുന്നത്.
ഇപ്പോൾ ഊട്ടിയിൽ സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റയിലഭിനയിച്ച് വരികയാണ് ദിലീപ്. ഈ മാസം അവസാനം വരെ മൈ സാന്റയുടെ ചിത്രീകരണമുണ്ടാകും.മൈ സാന്റയ്ക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനിലാണ് ദിലീപ് അഭിനയിക്കുന്നത്. ഉർവശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂരിന്റേതാണ് രചന.