ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇൻഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. നാട്ടുകാരിൽ ഒരാളും ആക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകൾ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണത്തിൽ പത്തോളം പേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധയമാണെന്ന് മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഏറെ വർഷങ്ങളായി മാലിയിൽ തീവ്രവാദികളും സർക്കാരും തമ്മിലുള്ള സംഘർഷം നിത്യസംഭവമാണ്.