തലശ്ശേരി: സ്ത്രീകളുൾപ്പെടെയുള്ള സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോകളയച്ച മുൻ പി.ടി.എ സെക്രട്ടറിക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഗ്രൂപ്പിലേക്ക് കുട്ടികളുടേതുൾപ്പെടെ ഇരുപതിലധികം വീഡിയോകളയച്ചെന്നാണ് തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾക്കെതിരെയുള്ള പരാതി.
അതേസമയം വീഡിയോ താൻ അറിയാതെയാണ് ഗ്രൂപ്പിലേക്ക് വന്നതെന്നാണ് സെക്രട്ടറിയുടെ വാദം. കൂടാതെ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവ് ആരും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതോടൊപ്പം പരാതിയെക്കുറിച്ച് പരിശോധിക്കുകയാണെന്നും അതിനുശേഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, സെക്രട്ടറി സി.പി.എം പ്രവർത്തകനാണെന്നും ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.