മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്‌നയിലൂടെയാണ് വിമർശനം.
സുധിർ മുങ്കതിവാറിന്റെ പ്രസ്താവന ജനാധിപത്യത്തിനെതിരെയും ഭരണഘടനാ വിരുദ്ധവുമാണെന്ന് ശിവസേന മുഖപ്രസംഗത്തിലൂടെ വിർശിച്ചു. 'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉത്തരവാദികൾ ഞങ്ങളല്ല, അത് ജനങ്ങൾക്കും അറിയാം. ഭരണഘടനയും നിയമവും എന്താണെന്ന് ഞങ്ങൾക്കുമറിയാം. സർക്കാർ രൂപീകരണത്തിന് തടസം ബി.ജെ.പിയാണ്'- ശിവസേന സാമ്‌നയിൽ കുറിച്ചു.
ബി.ജെ.പി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന അവകാശപ്പെടുന്നവർ എന്തുകൊണ്ട് സർക്കാർ രൂപീകരിക്കുന്നില്ലെന്നും ശിവസേന ചോദിച്ചു. അതോടൊപ്പം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്നും, തങ്ങൾ ഭരിക്കാൻ ജനിച്ചവരാണെന്നാണ് ഇത്തരം ആളുകളുടെ മനോഭാവം, ആ മനോഭാവമാണ് ഭൂരിപക്ഷം കിട്ടാത്തതിന്റെ കാരണമെന്നും ശിവസേന കുറിച്ചു.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അധികാര തർക്കം ഇതുവരെ മാറിയിട്ടില്ല. ഈ മാസം ഏഴിനകം സർക്കാർ അധികാരത്തിൽ വന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് സുധിർ മുങ്കതിവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രണ്ടര വർഷം വീതമായി ശിവസേനയും ബി.ജെ.പിയും മുഖ്യമന്ത്രി പദവി പങ്കിടണമെന്നതാണ് ശിവസേനയുടെ ആവശ്യം. മൊത്തം 288 അംഗങ്ങളുള്ള സഭയിൽ ബി.ജെ.പിയുടെ സീറ്റുകൾ 122ൽ നിന്നും 105 ആയി കുറഞ്ഞിരുന്നു. അതേസമയം ശിവസേന എം.എൽ.എമാരുടെ എണ്ണം 63ൽനിന്ന് 56 ആയും കുറഞ്ഞിരുന്നു.