തിരുവനന്തപുരം: ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിനെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പൊതുതാത്പര്യ പ്രവർത്തകൻ അപർണ്ണയിൽ ആഷിഷ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നൽകിയ പരാതിയിലാണ് നടപടി.
ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ യുവതി വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് യുവതിക്കെതിരെ ഫിറോസ് നടത്തിയ പരാമർശം വിവാദമായിരുന്നു. തുടർന്നാണ് ആഷിഷ് പരാതി നൽകിയത്. കേസിൽ അന്വേഷണം ആരംഭിച്ചതായി സി.ഐ ബോബൻ മാത്യുവും എസ്.ഐ എം.ആർ അരുൺകുമാറും പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ ജസ്‌ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു. വേശ്യയെന്നും ശരീരം വിൽക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്‌ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. അതേസമയം, സംഭവത്തിൽ ഫിറോസ് കുന്നംപറമ്പിൽ മാപ്പ് പറഞ്ഞിരുന്നു. വേശ്യാ പരാമർശം പ്രത്യേക മാനസികാവസ്ഥയിൽ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താൻ ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു.