idukki

തൊടുപുഴ: അദ്ധ്യാപിക സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കരഞ്ഞുകൊണ്ടോടിയെത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ. കരിങ്കുന്നം ഗവ. എൽ.പി സ്കൂളിലാണ് സംഭവം. സ്കൂളിലെ താൽക്കാലിക അദ്ധ്യാപികയായ തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണിയുടെ ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. എന്നാൽ,​ അദ്ധ്യാപിക പടിയിറങ്ങിയപ്പോൾ വിദ്യാർത്ഥികൾക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതിയിൽ കരിങ്കുന്നം ഗവ.എൽപി സ്‌കൂൾ പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് താൽക്കാലിക അദ്ധ്യാപകരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പ്രധാനാദ്ധ്യാപിക പി.എസ്. ഗീതയെ ഇന്നലെ എ അപ്പുണ്ണി സ്‌കൂളിലെത്തി സസ്‌പെൻഡ് ചെയ്തത്. ഇതൊടൊപ്പം മറ്റൊരു പരാതിയെ തുടർന്നാണ് ദിവസ വേതനക്കാരായ ജിനിലകുമാർ, കെ.ആർ.അമൃത എന്നിവരെ പിരിച്ചു വിടുകയും ചെയ്തത്. ഇതിൽ അമൃത ക്ലാസിലെത്തി കുട്ടികളോട് വിവരം പറഞ്ഞ് മടങ്ങിയതോടെ കുട്ടികൾ കരഞ്ഞുകൊണ്ടു പിന്നാലെയെത്തിയതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്.

അദ്ധ്യാപികയെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവും ഒപ്പമുണ്ടായിരുന്നവരും ഇതു മൊബെലിൽ പകർത്തിയത് രക്ഷിതാക്കൾ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് കരിങ്കുന്നം പൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ 17 ഓളം പരാതികൾ ലഭിച്ചിരുന്നെന്നും ഇവയിൽ അന്വേഷണം നടത്തി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും എ.ഇ.ഒ എ.അപ്പുണ്ണി പറഞ്ഞു. ഹിയറിംഗിന് വിളിച്ചിട്ടും എച്ച്. എം ഹാജരായില്ല. താൽക്കാലി അദ്ധ്യാപകർക്കെതിരെയും പരാതികൾ ലഭിച്ചിരുന്നെന്നും സ്‌കൂളിലെത്തി അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ പിരിച്ചു വിട്ടതായി എ.ഇ.ഒ അറിയിച്ചതിനെ തുടർന്ന് സ്‌കൂളിൽ നിന്നും പോയ ശേഷം താൽക്കാലിക അദ്ധ്യാപിക മടങ്ങിയെത്തി മൊബൈലിൽ ചിത്രികരിക്കുന്നതിനായി കുട്ടികളെ കൊണ്ട് ബോധപൂർവം വൈകാരിക സാഹചര്യം സൃഷ്ടിക്കുകയായിരുന്നെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.