മലയാളസിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് വിനയൻ. കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ വിനയൻ പ്രേക്ഷകർക്ക് സമ്മാനിച്ചു. കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതിയും മികച്ച വിജയമാണ് വിനയന് നൽകിയത്. രാജാമണിയായിരുന്നു ചിത്രത്തിലെ നായകൻ.
കലാഭവൻ മണിയാകാനുള്ള തത്രപ്പാടിനിടിയിൽ നിരവധി രസകരമായ അനുഭവങ്ങളാണ് തന്നെ തേടി എത്തിയതെന്ന് രാജാമണി പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു താൻ വണ്ണംവച്ച് എടുക്കുക എന്നത്. 'സിനിമ സന്തോഷം തരണമെങ്കിൽ നീ വണ്ണം വച്ചേ പറ്റുള്ളൂ എന്നാണ് എന്നോട് വിനയൻ സാർ ആദ്യമേ പറഞ്ഞത്. എന്നെ കാസ്‌റ്റ് ചെയ‌്തതിന് ശേഷം വളരെ കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളൂ സിനിമ തുടങ്ങാനായിട്ട്. അതുകൊണ്ടുതന്നെ എന്തുകഴിച്ചിട്ടായാലും വണ്ണം വയ്‌ക്കണമായിരുന്നു. മണിച്ചേട്ടന്റെ ഒരു ഫിസിക് അറിയാമല്ലോ? അത്രത്തോളമെത്തിയില്ലെങ്കിലും അതിനടുത്തെങ്കിലും എത്തണമെന്നായിരുന്നു സാറിന്റെ നിർദേശം. പിന്നെ ഒരു ട്രെയിനറെ വച്ച് നന്നായി വർക്കൗട്ട് ചെയ്‌തു. കിട്ടുന്ന ഫുഡ് എല്ലാം തട്ടി. ഇവന് എന്തു വേണമെങ്കിലും കൊടുത്തോണം എന്നായിരുന്നു സെറ്റിൽ സാർ പറഞ്ഞിരുന്നത്.
പത്ത് മുട്ട, രണ്ട് ഏത്തപ്പഴം എന്നിങ്ങനെയൊക്കെയായിരുന്നു ഭക്ഷണക്രമം. പക്ഷേ ക്ളൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയമായപ്പോഴേക്കും, പഴയതുപോലെ ഫുഡൊന്നും കിട്ടുന്നില്ല. ഞാൻ സാറിനോട് കാര്യം പറഞ്ഞു. സാർ പഴയതുപോലെ ഭക്ഷണമൊന്നും വലുതായിട്ടങ്ങനെ കിട്ടുന്നില്ല. പടം കഴിയാറായി ഇനിയിപ്പോ ഇതൊക്കെ മതി എന്നായിരുന്നു വിനയൻ സാറിന്റെ രസകരമായ മറുപടി'-കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സെന്തിൽ മനസു തുറന്നത്.
അതേസമയം, വിനയൻ സംവിധാനം ചെയ്‌ത ആകാശഗംഗയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. വിഷ്‌ണു വിനയ്, സെന്തിൽ കൃഷ്‌ണ, സലിം കുമാർ, ശ്രീനാഥ് ഭാസി, രമ്യ കൃഷ്‌ണൻ, സ്‌നിഗ്‌ദ്ധ സുനിൽ എന്നിവരാണ് പ്രധനകഥാപാത്രങ്ങൾ.