walayar-case

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. എന്നാൽ ബാലവകാശ കമ്മിഷൻ കാണാൻ വരുന്നതിനെക്കുറിച്ച് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പെൺകുട്ടികളുടെ വീട് സന്ദർശിക്കും. ഉപവാസ സമരവും ഹർത്താലുമുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് യു.ഡി.എഫ് പദ്ധതിയിട്ടിരിക്കുന്നത്.

പാലക്കാട് പൊക്‌സോ കോടതി ദിവസങ്ങൾക്ക് മുമ്പ് കേസിലെ പ്രതികളായിരുന്ന വി.മധു, എം..മധു, ഷിബു എന്നിവരെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മൂന്ന് പ്രതികളെയാണ് ഒക്ടോബർ മാസം അവസാനം കോടതി വെറുതെ വിട്ടത്. കേസിലെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിക്കെതിരെയുള്ള കേസ് ജുവനൈൽ കോടതിയിൽ ഈ മാസം 15ന് പരിഗണിക്കും.

2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി
പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.

പ്രതികളെ വെറുതെ വിട്ടുകൊണ്ടിള്ള കോടതി വിധിക്ക് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ എത്തിയിരുന്നു. 'മൂത്ത കുട്ടി മരിച്ചപ്പോൾ അവളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസുകാർ ഞങ്ങളെ കാണിച്ചില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് അവരത് കാണിച്ചത്. എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതെന്ന് അറിയില്ല. കേസന്വേഷണത്തിൽ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടത് പൊലീസുകാരോട് പറഞ്ഞതാണ്. കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല'- അമ്മ നേരത്തേ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.