സൂര്യപ്പെട്ട്: വിവാഹാഘോഷത്തിനിടെ വധു വരന്മാരുടെ കുടുംബാംഗങ്ങൾ തമ്മിൽ തല്ല്. തെലുങ്കാനയിലെ സൂര്യപ്പെട്ട് ജില്ലയിലാണ് സംഭവം. അടിപിടിയിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂര്യപ്പെട്ട ജില്ലയിലെ അജയിയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഇന്ദ്രജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഒക്ടോബർ 29നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹഘോഷയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്.
'വിവാഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇത് തല്ലിൽ കലാശിക്കുകയായിരുന്നു.കസേരകൾ ഉപയോഗിച്ച് പരസ്പരം തല്ലുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഞങ്ങൾ സംഭവസ്ഥലത്ത് എത്തി. മൂന്ന് പേർക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു'-പൊലീസ് ഓഫീസർ ശിവറാം റെഡ്ഢി പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച വധു വരന്മാർ സ്റ്റേഷനിലെത്തി പ്രശ്നങ്ങളൊക്കെ പരിഹരിച്ചെന്നും പരാതിയില്ലെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.