pinarayi-nss

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശവുമായി എൻ.എസ്.എസ് രംഗത്ത്. എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ അവിവേകവും വിലകുറഞ്ഞതുമാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.തങ്ങൾക്കൊപ്പം നിൽക്കാത്തവർ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരമാണ്. ഇത്തരം പ്രസ്‌താവനകൾ എൻ.എസ്.എസിന് എതിരെയാണെങ്കിൽ അവഗണിച്ചു തള്ളുന്നുവെന്ന് വാർത്താക്കുറുപ്പിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിന് ശേഷമാണ് സർക്കാരിന് നവോത്ഥാന പ്രവർത്തനങ്ങൾ ഉണ്ടായതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എൻ.എസ്.എസിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്. സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമുദായത്തിന്റെ മേൽ കെട്ടിവെയ്ക്കരുത്. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. ഇതിനെതിരെയാണ് ഇപ്പോൾ എൻ.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.