തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് വിശദീകരണം തേടി. ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. യു.എ.പി.എ കരിനിയമം ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി കോഴിക്കോടുള്ള ദിവസം യു.എ.പി.എ ചുമത്തിയത് സംശയാസ്‌പദമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലൊന്നും യു.എ.പി.എ ചുമത്തരുത്. ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം നിയമങ്ങൾ ചുമത്താൻപാടുള്ളുവെന്നാണ് കേരളത്തിലുള്ള നിർദ്ദേശം. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എൽ.ഡി.എഫ് സർക്കാരിന് ഭൂഷണമല്ല ഇത്തരം നടപടികളെന്നും കാനം പ്രതികരിച്ചു. കേസ് ഉത്തരമേഖല ഐ.ജി അശോക് യാദവ് അന്വേഷിക്കും. ഡി.ജി.പിയാണ് അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തിയത്.
അതേസമയം, കേരളത്തിൽ നടക്കുന്നത് മനുഷ്യവേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏഴ് പേരെയാണ് മാവോയിസ്റ്റുകളാണെന്ന കാരണത്താൽ വെടിവെച്ചു കൊന്നത്. ഇതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആശയപ്രവർത്തനം നടത്തുന്നവർക്ക് നേരെ യു.എ.പി.എ ചുമത്തുന്നത് തെറ്റായ നടപടിയാണ്. സി.പി.ഐയുടെ അഭിപ്രായം പോലും സർക്കാർ പരിഗണിക്കുന്നില്ല. ഇക്കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.