ig

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഐ.ജി അശോക് യാദവ്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും, യു.എ.പി.എ റദ്ദാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധങ്ങൾ തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഇവരെ ഉടൻ കോടതിയിൽ ഹാജാരാക്കുമെന്ന് ഐ.ജി വ്യക്തമാക്കി. സി.പി.എം ബ്രാഞ്ച് കമ്മി‌റ്റി‌‌ അംഗങ്ങളായ അലൻ ഷുഹെെബ്, താഹ ഫസൽ എന്നിവരാണ് കഴിഞ്ഞദിവസം അറസ്‌റ്റിലായത്. കണ്ണൂർ സർവകലാശാലയിൽ നിയമ ബിരുദ വിദ്യാത്ഥിയാണ് ഷുഹൈബ്. ജേർണലിസം വിദ്യാർത്ഥിയാണ് താഹ.

പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് ഇവർ ലഘുലേഖകൾ വിതരണം ചെയ്തിരുന്നതായും, പ്രതികളുടെ വീട്ടിൽ വീട്ടിൽ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ കണ്ടെത്തിയിരുന്നെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോഴിക്കോട് പന്തീരാങ്കാവിൽ ‌വച്ച് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം,​ സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. ഏത് സാചര്യത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിക്കുകയും എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ സംഭവത്തിൽ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.