മനശുദ്ധിക്കും പാപശാന്തിക്കും ഒരു പോലെ ഫലപ്രദമാണ് സുബ്രഹ്മണ്യ ആരാധന. നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും ദേവസേനാധിപനായ സുബ്രഹ്മണ്യന്റെ അനുഗ്രഹത്താൽ പരിഹാരം കാണാനാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. രോഗദുരിത ശാന്തിക്കും ഇഷ്‌ടകാര്യ വിജയത്തിനും ശ്രീമുരുകനെ ഭജിച്ചാൽ മതി. ക്ഷിപ്രഫല പ്രസിദ്ധിയാണ് മുരുകപൂജയുടെ ഏറ്റവും വലിയ പ്രത്യേകത.
സുബ്രഹ്മണ്യ പ്രീതി നേടാൻ ഏറ്റവും ഉചിതമായ വ്രതമാണ് സ്‌കന്ദഷഷ്‌ഠി വ്രതം. ഈ ദിവസം ചെയ്യുന്ന ഏതൊരു പ്രാർത്ഥനയ്‌ക്കും ഉടൻ ഫലം ലഭിക്കും എന്നാണ് വിശ്വാസം. എല്ലാമാസത്തിലെ ഷഷ്‌ഠിയും സുബ്രഹ്മണ്യ ആരാധനയ്‌ക്ക് ഉത്തമമാണ്. എന്നാൽ സ്‌കന്ദഷഷ്‌ഠി കൂടുതൽ ഫലപ്രദായകമാണ്. താരകാസുരനെ വധിച്ച് ലോകത്തെ രക്ഷിച്ച സുബ്രഹ്മണ്യനെ ദേവസേനാധിപതിയായി അഭിഷേകം ചെയ്‌ത ദിവസമാണ് സ്‌കന്ദഷഷ്‌ഠി എന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ തൈപ്പൂയവും സുബ്രഹ്മണ്യ പ്രീതിയ്‌ക്ക് അനുയോജ്യമായ ദിവസമാണ്.
പ്രകൃതിയോട് ചേർന്നുള്ള ആരാധന സങ്കൽപ്പങ്ങളാണ് എക്കാലവും സുബ്രഹ്മണ്യന് സ്വീകരിച്ചു പോന്നിട്ടുള്ളത്. നദീതീരങ്ങളും പർവതങ്ങളും വനങ്ങളും ഏറ്റവും പരിശുദ്ധമായ ആരാധനാ സങ്കേതങ്ങളാണ്. ക്ഷേത്രനിർമ്മാണത്തിനും ഇത്തരം സ്ഥലങ്ങൾ ഉത്തമസ്ഥാനങ്ങളായി ആചാര്യന്മാർ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ പലതും മലമുകളിലായതിന് കാരണം.