-gun

തിരുവനന്തപുരം: പാലക്കാട്ടെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് തട്ടിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. 2004ൽ ഒഡീഷയിലെ കോരാപുഡിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് മാവോവാദികൾ തട്ടിയെടുത്ത ആയുധങ്ങളിൽ ചിലതാണ് ഇവയെന്നും പൊലീസ് അറിയിച്ചു.

303യിൽപ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്. പിടിച്ചെടുത്ത മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്. പാലക്കാട് മഞ്ചക്കണ്ടി വനത്തിനുള്ളിലാണ് മാവോയിസ്‌റ്റുകളുമായി തണ്ടർ ബോൾട്ട് സംഘം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ നാല് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു.