ഫേസ്വാഷ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ദിവസവും രണ്ട് തവണയിൽ കൂടുതൽ ഫേസ്വാഷ് ഉപയോഗിക്കുന്നവരുമുണ്ട്. മുഖം വൃത്തിയായും ഉണർവോടെയുമിരിക്കുമെന്നത് തന്നെയാണ് ഇത് ഉപയോഗിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഫേസ് വാഷ് ഉപയോഗത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്, ഇല്ലെങ്കിൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷമായിരിക്കും ചെയ്യുക. ഫേസ്വാഷ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം...
ഓരോ ചർമ്മത്തിനും ഇണങ്ങുന്ന ഫേസ് വാഷുകൾ വേണം ഉപയോഗിക്കാൻ. ഏത് ചർമ്മക്കാർക്കുള്ളതാണെന്ന് ട്യൂബിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുനോക്കി തിരഞ്ഞെടുക്കണം.
കാലാവധി കഴിഞ്ഞ ഫേസ് വാഷ് ഉപയോഗിക്കരുത്.
മുഖം നനച്ച ശേഷം ഫേസ് വാഷ് കൈയിലെടുത്ത് പതപ്പിച്ച് വേണം പുരട്ടാൻ.
പരമാവധി ഒരു മിനിട്ട് വരെ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മൃദുവായ തുണികൊണ്ട് മുഖം ഒപ്പിയെടുക്കുക.
അധിക മണമുള്ള ഫേസ് വാഷുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ രാസവസ്തുക്കളും അധികമായിരിക്കും.