sc

ന്യൂഡൽഹി:ഇന്ത്യയുടെ മത, സാമൂഹ്യ, രാഷ്‌ട്രീയ, നിയമ രംഗങ്ങളിൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാവുന്ന നാല് സുപ്രീം കോടതി വിധികൾക്കാണ് ഇനിയുള്ള പന്ത്രണ്ട് ദിവസം രാജ്യം കാത്തിരിക്കുന്നത്. അയോദ്ധ്യ, ശബരിമല, റാഫേൽ, ചീഫ് ജസ്റ്റിസിന് വിവരാവകാശ നിയമം ബാധകമോ എന്നിവയാണ് കേസുകൾ.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത് ഈ മാസം 17നാണെങ്കിലും അദ്ദേഹത്തിന്റെ അവസാന പ്രവ‌ൃത്തി ദിനം15 ആണ്. അതിനകം സുപ്രധാന വിധികൾ പ്രസ്‌താവിക്കുമെന്നാണ് കരുതുന്നത്.

1. അയോദ്ധ്യ കേസ്

1858 മുതൽ ഇന്ത്യയുടെ സാമൂഹ്യ-മത രംഗങ്ങളിൽ സജീവമാണ് അയോദ്ധ്യ. 1885–ൽ ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം ആവശ്യപ്പെട്ട് രഘുബീർ ദാസ് എന്ന പുരോഹിതൻ ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചതു മുതലാണ് നിയമയുദ്ധം തുടങ്ങിയത്.

പിന്നീട് പരമഹംസ രാമചന്ദ്രയും നിർമോഹി അഖാഡയും യു.പി സുന്നി വഖഫ് ബോർഡും കോടതിയെ സമീപിച്ചു. 1982–ൽ വി.എച്ച്.പി ഏറ്റെടുത്തതോടെ പ്രശ്നം കലുഷമായി. 1990ൽ ക്ഷേത്രത്തിനായി എൽ.കെ. അദ്വാനിയുടെ രഥയാത്ര. 1992 ഡിസംബർ 6ന് കർസേവകർ ബാബറി മസ്ജിദ് തകർത്തു. പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ സംഘർഷങ്ങൾ. 2010ൽ 2.77 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലീങ്ങൾക്കും നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കാൻ അലഹബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരായ 14 അപ്പീലുകൾ പരിഗണിച്ച സുപ്രീംകോടതി 2011ൽ ആ വിധി സ്റ്റേ ചെയ്തു. ഇക്കൊല്ലം ആഗസ്റ്റ് 6 മുതൽ 40 ദിവസം അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടു.

2. ശബരിമല യുവതീപ്രവേശം

പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലാണ് വിധി വരാനുള്ളത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. വിധിക്കു പിന്നാലെ കേരളത്തിൽ വൻ പ്രതിഷേധം. 9000 ക്രിമിനൽ കേസുകളിൽ 27,000 പേരെ പ്രതികളാക്കി. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശം അനുവദിച്ച വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ രൂക്ഷമായ സമരങ്ങൾ. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

3. റഫാൽ കേസ്

റാഫേൽ ഇടപാടിൽ സുപ്രീം കോടതി മോദി സർക്കാരിനു നൽകിയ ക്ലീൻചിറ്റിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളിലാണ് വിധി വരാനുള്ളത്. ഫ്രാൻസിൽ നിന്ന് 36 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം വേണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി.

ഇതിനെതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് റിവ്യൂ ഹർജികൾ സമർപ്പിച്ചത്.

4. സി.ജെ.ഐ ഓഫീസ് ആർടിഐ പരിധിയിൽ

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.