iffi-award-winners

പനാജി: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഇഫി) 50-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ' ഇഫി ഗോൾഡൻ ജൂബിലി ഐക്കൺ ' അവാർഡ് ചലച്ചിത്ര നടൻ രജനികാന്തിന്. ഇഫിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര നടി ഇസബെല്ലാ ഊപ്പർട്ടിനാണ്. ഗോവയിൽ ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഇരുവരെയും ആദരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് രജനികാന്തിന് പുരസ്കാരം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പുരസ്കാര ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ച രജനികാന്ത് കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു.10 ലക്ഷം രൂപയും ശില്പവും ബഹുമതി പത്രവും അടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. കഴിഞ്ഞതവണ ഇഡ്രയേൽ ചലച്ചിത്രകാരൻ ഡാൻ വോൾമാനാണ് ഈ ബഹുമതി ലഭിച്ചത്.

പിയാനോ ടീച്ചർ എല്ലി, ലേസ് മേക്കർ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ സിനിമാ ലോകത്തിന്റെ ഹരമായി മാറിയ നടിയാണ് ഇസബെല്ല. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്. എല്ലിയിലെ അഭിനയത്തിന് ഗോൾഡൻ ഗ്ളോബ് പുരസ്കാരവും കരസ്ഥമാക്കി.

ഈ വർഷം 50 വനിതാ സംവിധായികമാരുടെ ചിത്രങ്ങളടക്കം 200 ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.