ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. അഭിഭാഷകർ നിരവധി പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. സംഭവസ്ഥലത്ത് വെടിവയ്പ്പുണ്ടായതായും ഒരു അഭിഭാഷകന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
പൊലീസ് വാഹനം ഒരു അഭിഭാഷകന്റെ വാഹനത്തിൽ തട്ടി. ഇത് ചൂണ്ടിക്കാട്ടിയ അഭിഭാഷകനെ പൊലീസ് വലിച്ചിഴച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ പൊലീസുകാർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്. തീയണക്കാനായി ഫയർഫോഴ്സും രംഗത്തുണ്ട്. സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.