modi

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) ഉച്ചകോടിയിൽ പങ്കെടുക്കുന്നതടക്കം ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്ലൻഡിലെത്തി. തിങ്കളാഴ്ച നടക്കുന്ന ആർ.സി.ഇ.പി രൂപീകരണ പ്രഖ്യാപനത്തിൽ അദ്ദേഹം പങ്കെടുക്കും. കരാറിലെ അവ്യക്തതകൾ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും ബാങ്കോക്കിൽ നടക്കും. ഇതിന് പുറമേ 16ാമത് ആസിയാൻ ഉച്ചകോടിയിലും 17ാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കാളിയാകും.
എന്നാൽ, ഇന്ത്യ അടക്കം 16 രാജ്യങ്ങളുള്ള ആർ.സി.ഇ.പിയിൽ സ്വതന്ത്ര വ്യാപാരത്തിനായുള്ള കരാർ ഇന്ത്യ ഇപ്പോൾ ഒപ്പുവയ്ക്കില്ലെന്നാണ് സൂചന. ഇന്ത്യ ഉന്നയിച്ചിട്ടുള്ള ചില വിഷയങ്ങളിൽ ചർച്ച നടത്തി തീർപ്പുണ്ടാക്കിയ ശേഷം അടുത്ത ജൂണിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

 വരവേൽപ്പൊരുക്കി സ്വാസ്ദി മോദി

ജമ്മുകാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിത്ത് വിതയ്ക്കലിന്റെ പ്രധാനകാരണങ്ങളിലൊന്ന് നിർമ്മാർജ്ജനം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബാങ്കോക്കിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 'സ്വാസ്ദി പി.എം മോദി' പരിപാടിയിൽ തായ്ലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 'ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ പൂർത്തിയാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. തീരുമാനങ്ങൾ ശരിയായി നടപ്പാക്കുമ്പോൾ അതിന്റെ പ്രതിധ്വനി ലോകമെമ്പാടും കേൾക്കും. തായ്ലൻഡും കേട്ടിട്ടുണ്ടാകുമല്ലേ." - മോദി ചോദിച്ചു.

'അഭിവാദ്യം ചെയ്യുന്നതിന് തായ് ജനത ഉപയോഗിക്കുന്ന വാക്കാണ് 'സ്വാസ്ദി" എന്ന വാക്കിന് സംസ്കൃത പദമായ 'സ്വസ്തി" എന്ന വാക്കിനോട് ബന്ധമുള്ളത് പോലെ ഇന്ത്യയും തായ്ലൻഡും പരസ്പരം വളരെ അടുപ്പമുള്ളവരാണ്. ഭാഷയുടെ മാത്രം അടിസ്ഥാനത്തിലല്ല. മറിച്ച് വികാരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണത്."- മോദി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ബാങ്കോക്കിലെത്തിയ മോദിക്ക് വൻവരവേൽപ്പാണ് തായ്ലൻഡിലെ ഇന്ത്യൻ സമൂഹം ഒരുക്കിയത്. ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണ നാണയം ചടങ്ങിൽ പുറത്തിറക്കി. തമിഴ് തിരുക്കുറലിന്റെ തായ് പരിഭാഷയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.