mamangam

നീണ്ട കാത്തിരിപ്പിന് ശേഷം മമ്മൂട്ടി, ഉണ്ണി മുകുന്ദൻ പ്രാചി തെഹ്‌ലൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്‌മാണ്ഡ ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 17ാം നൂറ്റാണ്ടിൽ നിളാ തീരത്ത് നടന്ന മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉദയം ചെയ്ത ചാവേർ തലവന്റെ കഥയാണ് ചിത്രം പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ വേഷത്തിലെത്തുന്നത്. ചരിത്രസിനിമയായിരിക്കുമ്പോഴും മാസ് ഫീലാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്. കളരിമുറകളും മറ്റും കാട്ടുന്ന ഷോട്ടുകൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ശങ്കർ രാമകൃഷ്ണൻ.

തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് 16,17 നൂറ്റാണ്ടുകളിൽ നടന്നിരുന്ന മാമാങ്കത്തിന്റെ കഥ പറയുന്ന സിനിമയിലെ യുദ്ധരംഗങ്ങൾ ഉൾപ്പെടെ ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കറിലുള്ള സെറ്റിലാണ്. പത്തു കോടി രൂപയോളം ചെലവിട്ട് 2000 ത്തോളം തൊഴിലാളികൾ മൂന്നു മാസം കൊണ്ടാണ് സെറ്റ് തയ്യാറാക്കിയത്. നിളയുടെ തീരത്തെ മാമാങ്ക നിലപാടു തറയും ചേർന്നുള്ള വ്യാപാര ശാലകളുമാണ് ഇവിടെ.

വലിയ കോട്ടവാതിലിനെ അനുസ്മരിപ്പിക്കുന്ന കവാടവും സാമൂതിരി എഴുന്നള്ളി ഇരിക്കുന്ന മേടയുമൊക്കെ തയ്യാറാക്കിയാണ് ലൊക്കേഷൻ ഒരുക്കിയത്. മരടിലെ എട്ടേക്കറിൽ നിർമ്മിച്ച കൊട്ടാര സമാനമായ മാളികയാണ് മറ്റൊരു വിസ്മയം. അഞ്ച് കോടിയോളം രൂപ ചെലവിട്ട് ആയിരത്തോളം തൊഴിലാളികൾ നാലു മാസം കൊണ്ടാണ് മാളികയുടെ സെറ്റ് തയ്യാറാക്കിയത്.