 25 രാജ്യങ്ങളിൽ നിന്നായി 1,250 എക്‌സിബിറ്റർമാർ പങ്കെടുക്കും

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ ഉപകരണ പ്രദർശനം 'സി.ഐ.ഐ എക്‌സ്‌കോൺ-2019" ബംഗളൂരു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ഡിസംബർ പത്തു മുതൽ 14 വരെ നടക്കും. മൂന്നുലക്ഷം ചതുരശ്ര മീറ്രറിൽ ഒരുക്കുന്ന പ്രദർശന നഗരിയിൽ ചൈന, ഇറ്റലി, ജർമ്മനി, ബ്രിട്ടൻ, അമേരിക്ക, ടർക്കി, ദക്ഷിണ കൊറിയ തുടങ്ങി 25 രാജ്യങ്ങളിൽ നിന്നുള്ള 350ലേറെ കമ്പനികൾ ഉൾപ്പെടെ 1,250 എക്‌സിബിറ്റർമാർ പങ്കെടുക്കും.

വിദേശികൾ ഉൾപ്പെടെ 70,000 ബിസിനസ് സന്ദർശകരെയും പ്രതീക്ഷിക്കുന്നു. സ്‌മാർട് സിറ്റി, സ്വച്‌ഛ് ഭാരത്, നൈപുണ്യ വികസനം, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയവയിലൂന്നി അടിസ്ഥാനസൗകര്യ വികസനവും ബന്ധപ്പെട്ട മേഖലകളുടെ സമഗ്ര വളർച്ചയുമാണ് പ്രദർശനത്തിന്റെ ലക്ഷ്യം. 'അടുത്ത തലമുറ അടിസ്ഥാന സൗകര്യം" എന്ന വിഷയത്തിൽ കൊച്ചിയിൽ സി.ഐ.ഐ എക്‌സ്‌കോൺ പ്ളീനറി സമ്മേളനവും സംഘടിപ്പിച്ചു.

സർക്കാർ, വ്യവസായ മേഖലയിലെ പ്രതിനിധികൾ, അടിസ്ഥാനസൗകര്യ വികസനം, നിർമ്മാണ മേഖല എന്നിവയുമായി ബന്ധപ്പെട്ടവർ തുടങ്ങിയവർ സംബന്ധിച്ചു. എക്‌സ്‌കോൺ-2019 സ്‌റ്രിയറിംഗ് കമ്മിറ്റിയംഗം വി.ജി. ശക്തികുമാർ, ഐ.ജി.ബി.സി കേരള ചെയർമാൻ ബി.ആർ. അജിത് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.