കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവർത്തകരെ അടക്കം അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം. യു.എ.പി.എ ഒരു കരിനിയമമാണ് എന്നതിൽ സി.പി.എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ലെന്നും ബേബി ഫേസ്ബുക്കിൽ കുറിച്ചു.
യു.എ.പി.എ കരിനിയമമാണെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ചാണ് സി.പി.എം അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം യുവാക്കളെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയില്‍ വച്ച് യുവാക്കൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം.
യു എ പി എ ഒരു കരിനിയമമാണ് എന്നതിൽ സിപിഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്.