minister-k-k

തിരുവനന്തപുരം : പൂന്തുറ മുതൽ വേളി വരെ സ്വിവറേജ് സംവിധാനമൊരുക്കാൻ എഫ് ആൻഡ് ജി ബ്ലോക്ക് എന്ന പേരിൽ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എഫ് ആൻഡ് ജി ബ്ലോക്കിനെ എഫ്1, എഫ്2, ജി1, ജി2 എന്നിങ്ങനെ സോണുകളായി തിരിച്ച് സ്വിവറേജ് നെറ്റ്‌വർക്ക്, പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കും. എഫ്1 ബ്ലോക്കിലുൾപ്പെടുന്ന ശംഖുംമുഖം, വെട്ടുകാട്, കണ്ണാന്തുറ വാർഡുകൾക്കായി ശൃംഖലയിൽ മൂന്ന് പമ്പ് ഹൗസുകളുണ്ടാകും. ജി1 ബ്ലോക്കിലെ പൂന്തുറ, മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, വള്ളക്കടവ് (ഭാഗികം) എന്നീ വാർഡുകൾക്കുള്ള ശൃംഖലയിൽ നാല് പമ്പ് ഹൗസുകളുമുണ്ടാകും. നിർമ്മാണച്ചുമതലയുള്ള കമ്പനി കാലതാമസമുണ്ടാക്കിയാൽ കോൺട്രാക്ടറുടെ റിസ്‌ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യും. എഫ്2 ബ്ലോക്കിലെ പെരുന്താന്നി (ഭാഗികം), മുട്ടത്തറ (ഭാഗികം), വള്ളക്കടവ് (ഭാഗികം) എന്നീ വാർഡുകൾക്കായി രണ്ട് പമ്പ് ഹൗസുകൾ നിർമ്മിക്കും. സംഗമ നഗർ സോണിലുള്ള പമ്പ് ഹൗസ് നിർമ്മാണം ഒരു വർഷത്തിനകം കമ്മിഷൻ ചെയ്യും. ജി2 ബ്ലോക്കിലുള്ള മുട്ടത്തറ (ഭാഗികം), പുത്തൻപള്ളി, അമ്പലത്തറ എന്നീ വാർഡുകൾക്കായി രണ്ട് പമ്പ് ഹൗസുകളാണ് നിർമ്മിക്കുക. പമ്പ് ഹൗസുകൾക്കുള്ള സ്ഥലം ലഭ്യമാകാത്തതിനാൽ പദ്ധതി തുടങ്ങാനായിട്ടില്ല.