കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. സിലബസ് വിലയിരുത്തി പഠിക്കാൻ ശ്രമിക്കണം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട് പ്രിലിമിനറി പരീക്ഷയിൽ 150 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. പതിവായി പത്രം വായിക്കുന്നവർക്ക് പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അനായാസേന ഉത്തരമെഴുതാം. എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സോഷ്യൽ സയൻസ് എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ വായിക്കണം. ഇന്ത്യൻ ഭരണഘടന, കേരളപ്പിറവി, സമ്പദ് വ്യവസ്ഥ, പൊളിറ്റിക്കൽ സയൻസ് എന്നിവ വിശദമായി പഠിയ്ക്കാൻ ശ്രമിക്കണം.കെ.എ.എസി ന്റെ പരീക്ഷ കേരളത്തിൽ ആദ്യമായി നടത്തുന്നതിനാൽ മുൻകാല സിവിൽ സർവീസസ് പരീക്ഷയുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് നല്ലതാണ്.
ഭാഷാപ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയിൽ പ്രാഥമിക ചോദ്യങ്ങൾക്ക് ഉത്തരമെഴുതാവുന്ന രീതിയിൽ തയ്യാറെടുക്കണം. പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റപ്പദം, പര്യായം, വിപരീതപദം, ശൈലികൾ, പഴഞ്ചൊല്ലുകൾ, സമാനപദം, ചേർത്തെഴുതുക, സ്ത്രീലിംഗം, പുല്ലിംഗം, ഔദ്യോഗിക ഭാഷാ പദാവലി, സംഗ്രഹം തുടങ്ങിയവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷയിൽ ഗ്രാമറിന് മുൻതൂക്കമുണ്ടാകും. പ്രിലിമിനറി പേപ്പർ ഒന്നിൽ ഇന്ത്യ-കേരള ചരിത്രം, ലോകചരിത്രം, സാംസ്കാരിക പൈതൃകം, ഇന്ത്യൻ ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സിസ്റ്റം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, ഭൂമിശാസ്ത്രം, Reasoning, Mental ability, Simple Arithmetic എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും.
പേപ്പർ 2 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ, പദ്ധതി രൂപീകരണം, കാർഷികമേഖല, ഭൂവിനിയോഗം, വ്യവസായനയം, ഭൗതികസൗകര്യം, വികസനം, ജനസംഖ്യ, പുത്തൻ പ്രവണതകൾ, വികസനം, ബഡ്ജറ്റിംഗ്, ടാക്സേഷൻ, പൊതുചെലവ്, കേരള സമ്പദ് വ്യവസ്ഥ, ജനസംഖ്യ, സാമൂഹിക സുരക്ഷ, വനിതാശാക്തീകരണം, ദുരന്തനിവാരണ പരിചരണം, കാർഷിക, വ്യവസായ സേവന മേഖലകളിലെ പുത്തൻ പ്രവണതകൾ, വികേന്ദ്രീകൃത ആസൂത്രണം, സംസ്ഥാന പ്ലാനിംഗ് ബോർഡ്, ടൂറിസം, ഹൗസിംഗ് മുതലായവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ദേശീയ ശാസ്ത്രനയം, ഇ- ഗവർണൻസ്, സംസ്ഥാന പദ്ധതികൾ, വിവര സാങ്കേതികവിദ്യ സൈബർ പോളിസി, കൃത്രിമബുദ്ധി, റോബോട്ടിക്സ്, സ്പേസ് സയൻസ്, പ്രതിരോധമേഖല, ഊർജമേഖല, പാരിസ്ഥിതിക ശാസ്ത്രം, ബയോഡൈവേഴ്സിറ്റി, വനം, വന്യജീവി, പാരിസ്ഥിതിക ദുരന്തങ്ങൾ, ബയോടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോ ടെക്നോളജി, വന്യജീവിപരിരക്ഷ മുതലായവയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. സിവിൽ സർവീസ് പരീക്ഷയെ അപേക്ഷിച്ച് സിലബസിൽ പാഠ്യഭാഗങ്ങൾ കുറവാണ്. ഗൈഡുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം സിലബസ് അനുസരിച്ചുള്ള തയ്യാറെടുപ്പാണ് വിദ്യാർത്ഥികൾക്കാവശ്യം.
(തുടരും)