bs

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ്​ സഖ്യസർക്കാരിനെ വീഴ്ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ചുക്കാൻ പിടിച്ചത് പാർട്ടി ദേശീയ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായാണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ വെളിപ്പെടുത്തൽ പുറത്തായി. കോൺഗ്രസ്, ജെ.ഡി.എസ് എം.എൽ.എമാരെ രാജിവയ്പിച്ച്​ സർക്കാരിനെ താഴെയിറക്കാൻ ഷാ നേതൃത്വം നൽകിയെന്ന് ഹൂബ്ലിയിൽ നടന്ന പാർട്ടി യോഗത്തിലാണ് യെദിയൂരപ്പ തുറന്നു പറഞ്ഞത്. ​ഇതിന്റെ വീഡിയോ, വോയ്​സ്​ ക്ലിപ്പുകളാണ് പുറത്തുവന്നത്.

യെദിയൂരപ്പ പാർട്ടി യോഗത്തിലേക്ക്​ വരുന്നതിന്റെ ദൃശ്യങ്ങളും പ്രസംഗിക്കുന്നതിന്റെ ശബ്​ദവുമാണ്​ പുറത്തായത്​. തങ്ങളെ അധികാരത്തിലെത്തിക്കാൻ സഹായിച്ച 17 വിമത എം.എൽ.എമാർക്കൊപ്പം നിൽക്കണമെന്ന് പ്രവർത്തകരോട് യെദിയൂരപ്പ ആഹ്വാനം ചെയ്യുന്നുണ്ട്.

ബി.ജെ.പി സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായിരിക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത തള്ളിക്കളയാത്ത യെദിയൂരപ്പ പാർട്ടിയുടെ താല്‍പര്യങ്ങൾ പ്രവർത്തകരുമായി സംസാരിച്ചതാണെന്നാണ് പ്രതികരിച്ചത്. ഒരു മണ്ഡലത്തിലെ പ്രവർത്തകരെ മാത്രമാണ് അഭിസംബോധന ചെയ്തതെന്നു പറഞ്ഞു. അതേസമയം, ഇത് പുതിയ തെളിവാണെന്നും സുപ്രീകോടതിയെ സമീപിക്കുമെന്നുമാണ് കോൺഗ്രസ് പറയുന്നത്.

ശബ്ദരേഖ ഇങ്ങനെ:

‘കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വിമത എം.എൽ.എമാർ മുംബയിലെ നക്ഷത്ര ഹോട്ടലിലായിരുന്നത് നിങ്ങൾക്കറിയാമല്ലോ. ഇതിന്റെ ആസൂത്രണം അമിത് ഷായ്ക്കായിരുന്നു. ഞാനല്ല ഇതെല്ലാം ചെയ്തത്. അവർ നമ്മളെ സഹായിച്ചു. സുപ്രീംകോടതി വരെ പോയി. നമ്മളെല്ലാം അവരുടെ കൂടെ നിൽക്കണം’.

വിവമതരുടെ സഹായം നേടിയതിനെ എതിർത്ത പാർട്ടി പ്രവർത്തകരെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് തുടർന്നുള്ള സംസാരം. 'നിങ്ങളിൽ നിന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. വീണ്ടും മുഖ്യമന്ത്രി ആകാൻ എനിക്ക് താത്പര്യമില്ല. മൂന്നോ, നാലോ തവണ ഞാൻ മുഖ്യമന്ത്രിയായതാണ്. എന്നെ വിശ്വസിച്ചാണ് അവർ കൂടെ നിന്നത്. അവർക്ക് രണ്ട് മാസത്തോളം കുടുംബത്തെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു കുറ്റം ചെയ്തപോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് " – ശബ്ദരേഖയിൽ പറയുന്നു.