popees

കൊച്ചി: പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപ്പീസ്, റീട്ടെയിൽ മേഖലയിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളിയിൽ ഒബ്‌റോൺ മാളിന് സമീപം ആദ്യ പോപ്പീസ് എക്‌സ്‌പീരിയൻസ് ബ്രാൻഡ് ഷോറൂം തുറന്നു. ബോളിവുഡ് ബാലതാരമായ ബാർബി ശർമ്മ ഉദ്ഘാടനം ചെയ്‌തു. കുട്ടികളുടെ ആരോഗ്യ, ചർമ്മ സംരക്ഷണത്തിനുള്ള പോപ്പീസ് ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാനുള്ള എക്‌സ്‌പീരിയൻസ് സെന്ററാണിത്.

പോപ്പീസ് മാനേജിംഗ് ഡയറക്‌ടർ ഷാജു തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ലിന്റ പി. ജോസ്, സോഷ്യൽ മീഡിയ കോണ്ടസ്‌റ്ര് വിജയി ഹന്ന, ഷിജു തോമസ്, ജനറൽ മാനേജർ ജെറുസേൽ സെഫ ഫെൻസൺ, എ.ജി.എം സെയിൽസ് ആൻഡ് മാർക്കറ്രിംഗ് നാഗരാജ് രാഘവൻ, കോർപ്പറേറ്ര് മാർക്കറ്രിംഗ് മാനേജർ കെ.കെ. ഹാഷിൽ, ഫിനാൻസ് കൺട്രോളർ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

നവജാത ശിശുക്കൾ മുതൽ ആറുവയസ് വരെയുള്ള കുട്ടികൾക്കുള്ള വസ്‌ത്രങ്ങൾ, ബേബി സോപ്പ്, ബേബി ഓയിൽ, ഷാംപൂ, ക്രീം, ഫാബ്രിക് വാഷ്, ഡയപ്പർ തുടങ്ങിയ ഉത്‌പന്നങ്ങൾ എക്‌സ്‌പീരിയൻസ് ബ്രാൻഡ് ഷോറൂമിലുണ്ട്. ഡിസംബറിനകം കൂടുതൽ പുതിയ ഉത്‌പന്നങ്ങൾ പോപ്പീസ് പുറത്തിറക്കും. 2021 ഡിസംബറോടെ സ്വന്തമായും ഫ്രാഞ്ചൈസിയായും 100 എക്‌സ്ക്ളൂസീവ് ഷോറൂമുകളാണ് വിവിധ രാജ്യങ്ങളിലായി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ ഷാജു തോമസ് പറഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലും 36 രാജ്യങ്ങളിലും പോപ്പീസ് ഉത്‌പന്നങ്ങൾ നിലവിൽ ലഭ്യമാണ്. അമേരിക്ക/കാനഡ കേന്ദ്രമായുള്ള കിഡ്‌സ് വിയർ കമ്പനി പോപ്പീസിൽ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. ഡയപ്പർ, ടോയ്‌സ് നിർമ്മാണത്തിനും പോപ്പീസ് ഈ വർഷം തുടക്കമിടും. ഡെനിം വസ്‌ത്രങ്ങൾക്കായി ബംഗളൂരുവിൽ ഈവർഷം ഫാക്‌ടറി തുറക്കും. ഇതോടെ 1,800 പേർ ജോലി ചെയ്യുന്ന പോപ്പീസിൽ ആയിരം പേർക്കുകൂടി ജോലി ലഭിക്കും.

2023ഓടെ ഹോൾസെയിൽ, ഗാർമെന്റ്, റീട്ടെയിൽ, എഫ്.എം.സി.ജി, കയറ്റുമതി എന്നിവയിലായി ആയിരം കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. 2022ഓടെ പ്രാരംഭ ഓഹരി വില്‌പനയും (ഐ.പി.ഒ) ഉദ്ദേശിക്കുന്നു. തൃശൂർ, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി, കൊൽക്കത്ത, ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ 2020 ജൂണോടെ എക്‌സ്‌പീരിയൻസ് ബ്രാൻഡ് ഷോറൂമുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.