കോഴിക്കോട്: മാവോയിസ്റ്ര് ബന്ധം ആരോപിച്ച് പിടികൂടിയ യുവാക്കൾ നിരപരാധിയാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള താഹയുടെ അമ്മ ജമീല. താഹയെ കൊണ്ട് പൊലീസ് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചു. ഇതിന്റെ വീഡിയോ പൊലീസ് പകർത്തുകയും ചെയ്തെന്ന് താഹയുടെ അമ്മ പറഞ്ഞു. മുദ്രാവാക്യം വിളിപ്പിച്ചതിന് ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു.താഹയ്ക്ക് മാവോയിസ്റ്റ് നിലപാടില്ലെന്നും ജമീല വ്യക്തമാക്കി.
പൊലീസ് തെളിവാണെന്ന് പറഞ്ഞ് സി.പി.എമ്മിന്റെ കൊടിയാണ് കൊണ്ടുപോയത്. വീട്ടിൽ നിന്നും പാഠപുസ്തകങ്ങളും കൊണ്ടുപോയെന്നും ജമീല പറഞ്ഞു.പ്രതികൾക്കെതിരെ യു.എ.പിഎ ചുമത്തിയതിനെതിരെ ഭരണപ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എ ബേബിയും രംഗത്തെത്തി. കേരളത്തിലെ ചില പൊലീസുകാർക്ക് യു.എ.പി.എ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം യു.എ.പി.എ ചുമത്തിയ നടപടി സർക്കാർ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.എ.പി.എ സമിതി പരിശോധിച്ച ശേഷമാകും കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുക. നേരത്തെ യു.ഡി.എഫ് സർക്കാർ ചുമത്തിയ ആറ് യു.എ.പി.എ കേസുകൾ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു. 7 പേർക്ക് എതിരായ യു.എ.പി.എക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നുമില്ല.