കൊച്ചി: മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്ന് വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണെന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ സുനിൽ പി. ഇളയിടം. ആളുകളെ വെടിവച്ചു കൊന്നും ,ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റു പാടരുത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ അരങ്ങേറുന്ന പൊലീസ് ഭീകരതയ്ക്ക് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യു.എ.പി.എ ഭരണകൂട ഭീരകരതയുടെ ആവിഷ്‌കാരമായി നിലവിൽവന്ന നിയമമാണ്. സി.പി.എം ഉൾപ്പെടെയുള്ള നിരവധി പ്രസ്ഥാനങ്ങൾ നിരന്തരം എതിർത്തു പോന്ന ഭീകരനിയമം. ലഘുലേഖ കൈവശം വച്ചു എന്നും, മുദ്രാവാക്യം വിളിച്ചു എന്നുമാരോപിച്ച് കേരളത്തിലും യു.എ.പി.എ ചുമത്തുന്നത് പൊലീസ് ഭീകരതയുടെ മാത്രം വഴിയാണ്. ഇടതുപക്ഷ സർക്കാർ ഒരു നിലയ്ക്കും ആ വഴി പിൻപറ്റിക്കൂടാ- അദ്ദേഹം കൂട്ടിച്ചേർത്തു.