ഇന്ത്യ - ബംഗ്ലാദേശ് ഒന്നാം ട്വന്റി-20 ഇന്ന്
ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൽഹിയിൽ നടക്കും. ഡൽഹിയിലെ അറുൺ ജയ്റ്ര്‌ലി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. കേരളത്തിന്റെ സ്വന്തം സഞജു സാംസൺ ഇന്ന് അവസാന ഇലവനിൽ ഇടം നേടുമോയെന്നാണ് മലയാളികൾ ആകാംഷയോടെ ഉറ്റുനോക്കുന്നത്. അതേസമയം ഡൽഹിയിലെ മോശം കാലാവസ്ഥ മത്സരത്തെയും കളിക്കാരെയും ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
ജയിക്കാൻ ഇന്ത്യ
സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്ന ഇന്ത്യ ശുഭ പ്രതീക്ഷയിൽ തന്നെയാണ്. സഞ്ജു ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഈ പരമ്പര. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെയായിരുക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു.
ബാറ്റ്‌സ്‌മാനായി സഞ്ജുവിന് ടീമിലിടം കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ് സഞ്ജു. ഇന്നലെ നെറ്റ്‌സിൽ സഞ്ജു പരിശീലനം നടത്തിയിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എൽ.രാഹുലാണ് സഞ്ജുവിന് വെല്ലുവിളി ഉയർത്തുന്നത്. ഇവരിൽ ആരെങ്കിലും ഒരാൾക്ക് ഇന്ന് മൂന്നാം നമ്പറിൽ അവസരം ലഭിച്ചേക്കും.
ആൾ റൗണ്ടർ ശിവം ദുബെ ഇന്ന് കളിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവം നികത്താൻ ദുബെക്ക് കഴിയുമെന്നാണ് ഇന്ത്യൻ ആരാധകരുടെയും മാനേജ്മെന്റിന്റെയും വിശ്വാസം. ടീമിലേക്ക് മടങ്ങിയെത്തിയ യൂസ്‌വേന്ദ്ര ചഹൽ ഇന്ന് കളിച്ചേക്കും.
സാധ്യതാ ടീം: ധവാൻ, രോഹിത്, സഞ്ജു/രാഹുൽ, ശ്രേയസ്, പന്ത്, ദുബെ, ക്രുനാൽ, വാഷിംഗ്ടൺ, ചഹാർ/ചഹൽ,ദീപക് ചഹർ, ഷർദ്ദുൽ/ഖലീൽ.
വിറപ്പിക്കാൻ കടുവകൾ
ഷാക്കിബ് അൽഹസൻ, തമിം ഇക്ബാൽ, മുഹമ്മദ് സയിഫുദ്ദിൻ എന്നീ പ്രമുഖരൊന്നുമില്ലാതെയാണ് മഹമ്മുദുള്ളയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വെല്ലുവിളി നേരിടാൻ ബംഗ്ലാദേശ് ഇറങ്ങുന്നത്. വാതുവയ്‌പുകാർ സമീപിച്ച വിവരം അറിയിച്ചില്ലെന്ന കുറ്രത്തിന് ഷാക്കിബിന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയ ശേഷം ബംഗ്ലാദേശ് കളിക്കുന്ന ആദ്യ പരമ്പരയാണിത്. ശ്രീലങ്ക എയ് ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മൊഹമ്മദ് നയിം ഇന്ന് അവസാന പതിനൊന്നിൽ ഇടം നേടിയേക്കും.
സാധ്യതാ ടീം: ലിറ്റൺ, സൗമ്യ, നയിം/മിഥുൻ, മുഷ്ഫിക്കുർ, മഹമ്മദുള്ള,മൊസദേക്ക്, അഫിഫ്,അറാഫത്ത്, മുസ്തഫിസുർ, അൽ-അമിൻ, അബു/തയിജുൽ.
നോട്ട് ദ പോയിന്റ്
പിച്ചിൽ അല്പം പുല്ലുണ്ടെങ്കിലും ബാറ്രിംഗിന് അനുകൂലമാണ്. ഇവിടെ അവസാനം നടന്ന അന്താരാഷ്ട്ര മത്സരം ആസ്ട്രേലിയക്കെതിരായ ഏകദിനമാണ്. അന്ന് സ്പിന്നർമാരെ നന്നായി തുണച്ചിരുന്നു.
ഇത് വരെ ബംഗ്ലാദേശിനെതിരെ കളിച്ച 8 ട്വന്റി-20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യ തോറ്റിട്ടില്ല