uapa

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിക്കും. യു.എ.പി.എ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. യു.എ.പി.എ സമിതി പരിശോധിച്ച ശേഷമാകും കേസിൽ പ്രോസിക്യൂഷന് അനുമതി നൽകുക. നേരത്തെ യു.ഡി.എഫ് സർക്കാ‍ർ ചുമത്തിയ ആറ് യു.എ.പി.എ കേസുകൾ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു. 7 പേർക്ക് എതിരായ യു.എ.പി.എക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നുമില്ല.

പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ഭരണപ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ ബേബിയും രംഗത്തെത്തി.
കേരളത്തിലെ ചില പൊലീസുകാർക്ക് യു.എ.പി.എ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണപക്ഷത്ത് നിന്ന് സി.പി.ഐ സംസ്ഥാന അദ്ധ്യഷൻ കാനം രാജേന്ദ്രനും നടപടിയെ ചോദ്യം ചെയ്തു. മുഖ്യമന്ത്രി കോഴിക്കോട് ഉള്ള സമയത്ത് തന്നെ യു.എ.പി.എ ചുമത്തിയത് സംശയാസ്പദമാണെന്നും യു.എ.പി.എ കരി നിയമം തന്നെ എന്ന നിലപാടിൽ മാറ്റമില്ലെന്നും ആയിരുന്നു കാനത്തിന്റെ വിമർശനം.