മനാമ: നടൻ ബിനീഷ് ബാസ്റ്റിൻ പൊതുവേദിയിൽ നടത്തിയ പ്രതിഷേധം അൺപാർലമെന്ററിയാണെന്ന് ബാലചന്ദ്രമേനോൻ. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരുമറിയാൻ ഈ സംഭവം വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റിനിൽ സന്ദർശനത്തിനെത്തിയ ബാലചന്ദ്രമേനോൻ മാദ്ധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ വേദിയിൽ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ വീട്ടിൽ കാണിക്കുകയാണെങ്കിൽ കുഴപ്പമില്ല. ശ്രോതാക്കളുടെ മുമ്പിൽ ഇത് പാടുണ്ടോയെന്ന് അദ്ദഹം ചോദിച്ചു. പരിപാടി കേൾക്കാൻ വരുന്നവരോട് ബഹുമാനം വേണം. പൊതുവേദിയിൽ കാണിക്കേണ്ട കാര്യമല്ലയിത്.
ആദ്യ കാലത്ത് മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. ജാതകത്തിൽ പട്ടിണി കിടക്കാൻ യോഗമുണ്ടെങ്കിൽ അതങ്ങനെ സംഭവിക്കും. പക്ഷെ, പട്ടിണി തന്നെ തളർത്തിയിട്ടില്ല. അതേ സമയം, താൻ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാൻ നോക്കുന്നത് ശരിയല്ല. താൻ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. ബിനീഷ് ബാസ്റ്റിന്റെ ഇപ്പോഴത്തെ നാടകീയമായ സംഭവത്തിന്റെയും അദ്ദേഹം സംവിധായകനെ പുകഴ്ത്തി പറയുന്നതിന്റെയും രണ്ട് വീഡിയോകൾകണ്ടു.
ചില പ്രശ്‌നങ്ങൾ വേണമെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നു. ആരാണിതിന്റെ ബന്ധപ്പെട്ട കക്ഷി എന്ന് ഇപ്പോഴും ഉറപ്പില്ല.
ഈ സംഗതികൾക്ക് ഇത്രയും പ്രാധാന്യം കിട്ടിയത് 'മേനോൻ' എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താൻ മേനോനല്ല എന്ന് നടൻ ആവർത്തിക്കുന്നത്. എന്താണതിന്റെ പ്രാധാന്യം. ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. വലിയ ആളുകളിൽ നിന്ന് എത്ര പെട്ടെന്നാണ് പ്രതികരണമുണ്ടായത്.
വാളയാറിലെ പെൺകുട്ടികളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അപ്പോഴാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാമെന്ന് മാത്രമെയുളളു. എല്ലാ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാർത്ഥ്യമാണ്. സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്.
മേനോൻ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.