പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയുടെ ചുമതല വഹിക്കുന്ന കാലത്ത് ചവറയിൽ നിന്ന് രണ്ടുപേർ അദ്ദേഹത്തെ കാണാൻ പേട്ടയിലെ ഓഫീസിലെത്തി. അക്കാലത്ത് കൊല്ലം ചവറയിൽ കേരളകൗമുദിയുടെ ഏജന്റും ലേഖകനും പൊതുകാര്യ പ്രസക്തനുമായിരുന്ന പി.എസ് .നാരായണ പണിക്കരെ പത്രാധിപർക്ക് നന്നായറിയാം. കൂടെയുണ്ടായിരുന്ന യുവാവിനെ പണിക്കർ പത്രാധിപർക്ക് പരിചയപ്പെടുത്തി. 'എന്റെ മകൻ വിജയനാണ്. വിദ്യാർത്ഥിയാണെങ്കിലും പത്രപ്രവർത്തനത്തിൽ അതീവ തത്പരനാണ് " പത്രാധിപർ യുവാവിനെ ആശീർവദിച്ച ശേഷം പറഞ്ഞു. 'നന്നായി പഠിക്കണം"
പത്രാധിപരുടെ വാക്കുകൾ ഉൾക്കൊണ്ട യുവാവ് പിൽക്കാലത്ത് പഠിച്ച് അദ്ധ്യാപകനായി. കേരളകൗമുദിയുമായുള്ള വിജയന്റെ ആത്മബന്ധവും അന്നുമുതൽ ദൃഢമാകുകയായിരുന്നു. പത്രാധിപരെ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്ത കാര്യം ഉൾപുളകത്തോടെ പിന്നീട് പലതവണ വിജയൻ സ്മരിച്ചിട്ടുണ്ട്. കേരളകൗമുദിയുമായുള്ള അണമുറിയാത്ത ആ ബന്ധം 85-ാം വയസിൽ മരണം വരെ നീണ്ടു.
30 ന് അന്തരിച്ച ചവറ വിജയൻ സാറിന് കേരളകൗമുദി ജീവവായു പോലെയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ പിതാവ് പി.എസ്.നാരായണ പണിക്കരുടെ സഹായിയായി പത്രത്തിന്റെ കാര്യങ്ങൾ നോക്കിയ വിജയൻ എം.എ, ബി.എഡ് പാസായി സർക്കാർ സ്കൂളിൽ അദ്ധ്യാപകനായപ്പോഴും പത്രവുമായുള്ള ആത്മബന്ധം ഉപേക്ഷിച്ചില്ല. അച്ഛന്റ കാലശേഷം കേരളകൗമുദിയുടെ ഏജൻസി ഏറ്റെടുത്ത അദ്ദേഹം ചവറയിലെ ലേഖകനുമായി. മികച്ച അദ്ധ്യാപകനായി പേരെടുത്ത വിജയന് മികച്ച ശിഷ്യസമ്പത്തുമുണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചത് ജന്മനാടായ ചവറ ശങ്കരമംഗലം ഗവ. ഹൈസ്ക്കൂളിലാണ്. 1961 ൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം 1965 ലാണ് ഹൈസ്കൂൾ അദ്ധ്യപകനായത്. ഒപ്പം ചവറ മേഖലയിൽ കേരളകൗമുദിയുടെ പ്രചാരം വർദ്ധിപ്പിക്കാനും പത്രവിതരണത്തിലും വാർത്താശേഖരണത്തിലും വ്യാപൃതനായ അദ്ദേഹം 1989 ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും പത്രവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ മുഴുകി. പുലർച്ചെയോടെ പത്രക്കെട്ട് എത്തിക്കഴിഞ്ഞാൽ മഞ്ഞും മഴയും തണുപ്പും വകവയ്ക്കാതെ വിതരണക്കാരെ ചുമതലപ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കും. ഏതെങ്കിലും വിതരണക്കാരൻ എത്തിയില്ലെങ്കിൽ ദൗത്യം വിജയൻ സാർ ഏറ്റെടുക്കും. പ്രായത്തിന്റെ അവശതകളിലാകും വരെ സൈക്കിളിൽ പത്രവിതരണം നടത്തുന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു .
പത്രവിതരണം കഴിഞ്ഞാൽ ശേഷിക്കുന്ന സമയം വാർത്താശേഖരണത്തിനും പ്രദേശത്തെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലും മുഴുകും.വാർത്തയും പരസ്യവുമായി മിക്ക സായാഹ്നങ്ങളിലും കേരളകൗമുദിയുടെ കൊല്ലം പള്ളിത്തോട്ടത്തെ ഓഫീസിലേക്ക് അദ്ദേഹം എത്തും. ഓഫീസിലിരുന്ന് വാർത്തകൾ എഴുതി നൽകും. അടുത്തകാലം വരെ ചവറയിലെ വസതിയിൽ നിന്ന് 20 കിലോമീറ്ററോളം ദൂരം സ്വന്തം സൈക്കിളിൽ പള്ളിത്തോട്ടം ഓഫീസിലെത്തിയിരുന്ന അദ്ദേഹം ഒരു വിസ്മയമായിരുന്നു. ഒറ്റ പത്രത്തിന്റെ മാത്രം ഏജന്റായി പ്രവർത്തിക്കുന്നവർ ഇന്ന് വിരളമാണ്. എന്നാൽ വിജയൻ സാർ 'കേരളകൗമുദി"യുടെ മാത്രം ഏജന്റായി നിലകൊണ്ടു.
പത്രാധിപരുടെ കാലശേഷവും കേരളകൗമുദി കുടുംബവുമായി വിജയൻസാറിന് ഉറ്റബന്ധമായിരുന്നു. എം.ഡി ആയിരുന്ന എം.എസ് . ശ്രീനിവാസൻ, അടുത്തിടെ അന്തരിച്ച ചീഫ് എഡിറ്റർ എം.എസ് . രവി എന്നിവരുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിന് കേരളകൗമുദിയുടെ നാലാംതലമുറയിലെ സാരഥികളും ഏറെ പ്രിയപ്പെട്ടവരായിരുന്നു.
രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ ഒട്ടേറെപ്പേരുമായി ഉറ്റസൗഹൃദം പുലർത്തിയ അദ്ദേഹം കവിയും സാഹിത്യകാരനുമായിരുന്നു. സലിത, താമര (കവിതകൾ) , രത്നപേടകം (ഖണ്ഡകാവ്യം), കടലിൽ തിരയുണ്ട് (നോവൽ), അഭിലാഷങ്ങളുടെ ശവകുടീരത്തിൽ (നാടകം) എന്നീ കൃതികൾ അദ്ദേഹത്തിന്റെ കൃതികളാണ്. സംസ്ഥാന അദ്ധ്യാപക അവാർഡ്, അദ്ധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരം, ആൾ ഇന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ഘടകത്തിന്റെ അദ്ധ്യാപക പുരസ്കാരം, മികച്ച പത്രപ്രവർത്തകനുള്ള റോട്ടറി ക്ളബ് അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന് കൈത്താങ്ങായിരുന്ന ഭാര്യ റിട്ട. അദ്ധ്യാപിക ഇന്ദിരവിജയനും ചവറ പ്രദേശവാസികൾക്കും വിജയൻ സാറിന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. രണ്ട് മക്കളാണ് അദ്ദേഹത്തിന്. എക്സൈസ് ഉദ്യോഗസ്ഥനായ അരുൺലാലും അജിത്ത് ലാലും. മരുമകൾ : രേവതി ബാബു. വിജയൻ സാറിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് നടക്കും.