വാളയാർ ഇന്ന് ഓരോ മലയാളിയെയും പൊള്ളിക്കുന്ന വിഷയമാണ്. മനഃസാക്ഷി വറ്റാത്ത ഏതൊരാളിലും ആ തീ ആളിക്കത്തും, കത്തണം. സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗുകൾ നിറഞ്ഞാൽ, കരളലിയിക്കുന്ന ഒരു പോസ്റ്റ് ഷെയർ ചെയ്താൽ , പുനരന്വേഷണം പ്രഖ്യാപിച്ചാൽ ആ കനൽ കെട്ടു പോകരുത്. വീട്ടിനുള്ളിലും പുറത്തും ആക്രമിക്കപ്പെടുന്ന ഓരോ കുട്ടിക്ക് വേണ്ടിയും അത് തെളിഞ്ഞു കത്തണം. പതിമൂന്നും ഒമ്പതും വയസ് മാത്രം പ്രായമുണ്ടായിരുന്ന ആ പിഞ്ചു ബാലികമാരെ പോലെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങളുണ്ട് നമുക്കിടയിൽ. പിറന്നു വീഴുന്ന ഓരോ കുഞ്ഞുപൂവുകൾക്കായും നിതാന്ത ജാഗ്രത പുലർത്തണം.
വില്ലനാകുന്ന സാഹചര്യം
കുഞ്ഞുങ്ങൾ പീഡനത്തിനിരയാകുന്ന കേസുകൾ വരുമ്പോൾ ആ വീടുകളിലെ അന്തരീക്ഷം എന്തായിരുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. അച്ഛനും അമ്മയ്ക്കും കുഞ്ഞുങ്ങൾക്ക് എത്ര ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞു എന്നറിയണം. വാളയാറിലെ മാതാപിതാക്കൾ ഹൈ സൊസൈറ്റി ജീവിതത്തിന്റെ പുറകേ പോയി കുഞ്ഞുങ്ങളെ നോക്കാതിരുന്നവരല്ല. അന്നന്നത്തെ വിശപ്പായിരിക്കും അവരുടെ പ്രധാന പ്രശ്നം. ആ അവസ്ഥയ്ക്ക് സമൂഹവും ഉത്തരവാദികളല്ലേ. അവർ ആരെയൊക്കെ ആശ്രയിച്ച് ജീവിച്ചവരാകാം. ഒരു കുടുംബത്തിനുണ്ടാകുന്ന ഈ ദാരിദ്ര്യാവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ. സാഹചര്യം തന്നെയാണ് ഇവിടെ പ്രധാന വില്ലൻ. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.
മാറി നിന്ന് ചിന്തിച്ചാൽ അമ്മയ്ക്ക് എന്തുകൊണ്ട് കുട്ടികളെ രക്ഷിച്ചുകൂടാ എന്ന് ചോദിക്കാൻ നമുക്ക് തോന്നും. എന്നാൽ ഇത്തരം ദയനീയാവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് ആ അമ്മ എത്രത്തോളം നിസഹായ ആയിരുന്നിരിക്കും എന്നെനിക്ക് മനസിലാകും. ജീവിതം തുടങ്ങി ഒരു ഘട്ടം എത്തുമ്പോൾ, പുരുഷൻ ഉപേക്ഷിച്ചു പോയാൽ, അവളും മക്കളും പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുന്നു. തന്റെയും പെൺകുഞ്ഞുങ്ങളുടെയും രക്ഷകനായി ഒരാളെ വീടിനുള്ളിൽ കയറ്റാൻ സ്ത്രീ നിർബന്ധിത ആയേക്കും. അത് രതിയോടുള്ള ആർത്തി കൊണ്ടാവില്ല, ഭക്ഷണത്തിനോടുള്ള കൊതിയും വിശപ്പിന്റെ ആളലും കൊണ്ടാണ്. ശുഷ്കിച്ച മുലകളിൽ പാലില്ലാത്ത അമ്മയുടെ മരവിപ്പ് ഞാൻ കണ്ടിട്ടുണ്ട്. അന്ന് നേരിട്ട പല കേസുകളും പലപ്പോഴായി കുറിച്ചിട്ടുണ്ട്. സ്വന്തം മകളെ ഉപദ്രവിക്കാൻ അമ്മ കൂട്ടുനിന്ന കേസ് ആദ്യമായി പിടിക്കുമ്പോൾ, എന്റെ രോഷം ആളിക്കത്തി. പക്ഷേ, വിശപ്പിനു മുന്നിൽ സദാചാരവും മൂല്യവുമൊന്നുമില്ലെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. മൂക്കുമുട്ടെ തിന്നു സമാധാനമായി ഉറങ്ങാൻ കിടക്കുന്നവർക്കു സദാചാര പുതപ്പ് ഒരു സുഖമാണ്.
വിശപ്പാണ് ഈ കുഞ്ഞുങ്ങളുടെ ഏറ്രവും വലിയ പ്രശ്നം. ഇഡ്ഡലിയും സാമ്പാറും അപ്പവും മുട്ടക്കറിയും അവരിൽ പലർക്കും വലിയ സംഭവമാണ്. അത് വാങ്ങി നൽകാമെന്ന് പറഞ്ഞാൽ അവരെ പ്രലോഭിപ്പിക്കാം. കെട്ടുറപ്പുള്ള ഒരു വീടുപോലുമില്ലാത്ത എത്രയോ കുടുംബങ്ങളുണ്ട്. അമ്മ കൽപ്പണിക്കോ മറ്റോ പോയിരിക്കുകയാവാം. ആർക്കും അതിക്രമിച്ച് കയറാം. പെൺശരീരത്തിന് മുന്നിൽ മതമോ ജാതിയോ ഒന്നും രക്ഷകരാകില്ല.
വീടിനുള്ളിലെ പീഡനങ്ങൾ
വർഷങ്ങൾക്ക് മുമ്പ്, കൊല്ലം ജില്ലയിലെ വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരു പ്രദേശത്ത് സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിൽ ഞാൻ ജോലി ചെയ്തിരുന്നു. സ്നേഹമൊക്കെയുള്ള മനുഷ്യരാണ് ഭൂരിഭാഗവും. പക്ഷേ, പരിതാപകരമായിരുന്നു അവരുടെ ജീവിത സാഹചര്യങ്ങൾ. ഒറ്റമുറി വീടുകളാണ് അവിടെയുണ്ടായിരുന്നത്. ലൈംഗികത കണ്ടാണ് കുഞ്ഞുങ്ങൾ വളരുന്നത്. ആരുടെയും കുറ്റമല്ല. ഒന്നു ഒതുങ്ങി നിൽക്കാൻ പോലും ആ വീടുകളിൽ സ്ഥലമില്ല. അവിടെ അച്ഛന്റെ പീഡനത്തിന് ഇരയാകേണ്ടി വരുന്ന മക്കൾ ആ അമ്മമാർക്ക് ഒരു ഞെട്ടലല്ല. വീടിനുള്ളിലെ ഇത്തരം പീഡനങ്ങൾ പുതിയ സംഭവങ്ങളല്ല. എന്നോടൊപ്പം പഠിച്ച ഒരു കൂട്ടുകാരിക്ക് സ്വന്തം വീട്ടിൽ അടുത്ത ബന്ധുക്കളിൽ നിന്നുണ്ടായ മോശം അനുഭവങ്ങളറിയാം. അത് വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്.
പക്ഷേ, മൊബൈൽ ഫോണിലെ പോൺ വീഡിയോകളും മദ്യവും മയക്കുമരുന്നും സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. കുടുംബങ്ങളിൽ നടക്കുന്ന പീഡനങ്ങൾ പുറത്തുവരാതിരിക്കാൻ അതിലുള്ളവർ തന്നെ ശ്രമിക്കും. ബന്ധങ്ങൾ വഷളാകാതിക്കാൻ അമ്മമാർ തന്നെയാകും മുൻകൈ എടുക്കുന്നത്. ഇത് സമൂഹത്തിന്റെ മുകൾ തട്ടിലും താഴെ തട്ടിലും ഒരുപോലെ സംഭവിക്കുന്ന കാര്യമാണ്. മദ്യത്തിന്റെ ലഹരിയിൽ അച്ഛൻ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് എത്രയോ കുട്ടികൾ തുറന്നുപറഞ്ഞിട്ടുണ്ട്.
കൗമാരപ്രായക്കാരായ കുട്ടികളെ മൊബൈൽ ഫോണിലൂടെ പോൺ വീഡിയോകൾ കാണിച്ച് വശത്താക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. അടുത്ത ബന്ധുവായ ഒരു മനുഷ്യൻ ചൂഷണം ചെയ്തിട്ടും അമ്മ കണ്ടുപിടിക്കുന്നതു വരെ തുറന്നു പറയാതിരുന്ന ഒരു കുട്ടിയുടെ കേസ് ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. ചിലർ വർഷങ്ങൾക്ക് ശേഷമാകും ഇതൊരു ചൂഷണമായിരുന്നു എന്ന് തിരിച്ചറിയുന്നത്. അച്ഛനും അമ്മാവനും ചേട്ടനുമൊക്കെ ഉപദ്രവിച്ച പലരും മുതിർന്ന ശേഷം ഇത് തിരിച്ചറിഞ്ഞ് വിഷാദത്തിന് അടിമപ്പെട്ടു പോകുന്ന സംഭവങ്ങളുണ്ട്.
പേടിസ്വപ്നമാകുന്ന ഷെൽട്ടർ ഹോമുകൾ
2011ൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ ആൺകുട്ടികളുടെ ഒരു കേസ് എന്റെ അടുത്ത് വന്നിരുന്നു. അന്ന് പതിനൊന്നും പന്ത്രണ്ടും വയസായിരുന്നു ഈ കുട്ടികളുടെ പ്രായം. അവരുടെ മൊഴി റെക്കോഡ് ചെയ്ത്, അത് കേസാക്കി. കഴിഞ്ഞാഴ്ചയാണ് ആ കേസ് വിളിച്ചത്. കുട്ടികൾ വളർന്ന് ജോലിക്കാരായി. അവർക്കിപ്പോൾ കേസില്ല. അങ്ങനെയത് തീർന്നു. കേസുകൾ പരിഗണിക്കുന്നതിലുള്ള കാലതാമസം പരാതി തന്നെ ഇല്ലാതാക്കുകയാണ്. ഇനി സമയത്ത് കേസു വിളിച്ചാൽ തന്നെ ആ കുഞ്ഞുങ്ങൾക്ക് പിന്നെയൊരു ജീവിതമുണ്ടോ. പുനരധിവസിപ്പിക്കുന്ന കുട്ടികളെ ഷെൽട്ടർ ഹോമിൽ കൊണ്ടുവിടും. അവിടെ പട്ടിണി ഇല്ല, വിദ്യാഭ്യാസം നടക്കും എന്നീ ഉറപ്പുകളുണ്ട്. അതിനൊപ്പം കുഞ്ഞുങ്ങൾ ""എല്ലാത്തരത്തിലും സുരക്ഷിതർ ആണോ എന്ന് പരിശോധന ആവശ്യമാണ്. പുനഃരധിവാസം എന്നത് മാനസികമായി കൂടി നടത്തേണ്ടതാണ്. അവിടെ ശ്വാസം കിട്ടാതെ പുകയുന്ന അവസ്ഥയായാൽ, പഴയ സാഹചര്യം എത്ര ഭേദമെന്നു കുഞ്ഞുങ്ങൾ ആലോചിക്കും.
ജുവനൈൽ ഹോം, ഷെൽട്ടർ ഹോം, മഹിളാ മന്ദിരങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പ് കാര്യങ്ങൾ കർശനമാക്കിയാൽ മാത്രമേ പുനഃരധിവാസം പൂർണമാകൂ. ജുവനൈൽ ഹോമുകളിൽ നിന്നും പുറത്തിറങ്ങുന്നത് തികഞ്ഞ കുറ്റവാളികൾ ആയിട്ടാകരുത്. മഹിളാ മന്ദിരങ്ങളിൽ നടന്നിട്ടുള്ള എത്ര ആത്മഹത്യ പുറത്തു വന്നിട്ടുണ്ട് എന്ന് അന്വേഷിക്കേണ്ടതുണ്ട്. പീഡനത്തിന് ഇരയാക്കപ്പെട്ട കുട്ടികളെ എങ്ങനെ ഉയർത്തെഴുന്നേൽപ്പിക്കാം എന്നതും ചർച്ച ചെയ്യേണ്ടതാണ്. ഞാൻ ഇടപെട്ട കേസുകളിൽ അങ്ങനെ മാറ്റി പാർപ്പിച്ച കുഞ്ഞുങ്ങൾ പഴയ അവസ്ഥയിലേക്ക് ഓടി എത്തിയിട്ടുണ്ട്. അതിലൊരു കുട്ടി വീട്ടിലെത്തി ആത്മഹത്യ ചെയ്തു.
കുട്ടികൾക്കായി സൃഷ്ടിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്രിയുടെ അവസ്ഥയും സമാനമാണ്. ഈ കമ്മിറ്റിയുടെ മുന്നിൽ 2014ൽ ഒരു കേസുമായി ഞാൻ പോയിട്ടുണ്ട്. സ്വന്തം അച്ഛന്റെ കൈയിൽ നിന്നും ഒരു പതിമൂന്നുകാരിയെ രക്ഷപ്പെടുത്താൻ 'ഇവളുൾപ്പടെ പല വയറുകൾ നിറയ്ക്കണം, അങ്ങേര് ഉണ്ടാക്കിയത് അങ്ങേര് എടുത്തോട്ടെ.. " ഇതായിരുന്നു അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും പ്രതികരണം. എന്നിട്ടും പൊരുതിയിട്ടുണ്ട്. ഗുണ്ടാസംഘത്തിൽ പെട്ടവരാണ് പ്രതികൾ എങ്കിൽ ആരും കൂടെ നിൽക്കില്ല. അന്ന് പോക്സോ നിയമം ആയിട്ടില്ല. സ്കൂൾ അധികൃതർ ഇടപെടരുതെന്ന് കർശന താക്കീതു നൽകും. കുട്ടികൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ എത്ര വലിയ പ്രഹസനങ്ങൾ എന്നതിന് അനുഭവങ്ങൾ ഇനിയും നിരവധി. കേസ് കൊടുക്കുമ്പോൾ ഒപ്പം നിൽക്കുന്ന പൊലീസ് ഓഫീസർക്ക് തൊപ്പി തെറിക്കും എന്നൊരു സൂചന കിട്ടിയാൽ പിന്നെ എന്ത് ചെയ്യും. ആവനാഴി സിനിമയിലെ ഇൻസ്പെക്ടർ ബൽറാം ആകാൻ ജീവിതത്തിലെ പൊലീസുകാർക്ക് പറ്റില്ല. പൊലീസിലും ക്രിമിനലുകൾ ഇല്ലെന്നല്ല.
പ്രകടനം അല്ല, പ്രതികരണം വേണം
ഈ സാഹചര്യങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ തന്നെ ഈ മക്കളെ പ്രതികരിക്കാൻ പഠിപ്പിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ പ്രതികരണ ശേഷി ഉള്ളവരായി രൂപപ്പെടുത്തി എടുക്കണം. അതിനുള്ള വിദ്യാഭ്യാസമാണ് നാം കൊടുക്കേണ്ടത്. നേരും നെറിവും തിരിച്ചറിവുമുള്ളവർ ആക്കി എടുക്കണം. ലൈംഗിക വിദ്യാഭ്യാസം അതാത് പ്രായത്തിൽ അനുയോജ്യമായ രീതിയിൽ കൊടുക്കേണ്ടത് അനിവാര്യമാണ്. മുമ്പ് പറഞ്ഞ പോലെ എത്ര കുഞ്ഞുങ്ങളാണ് സ്വന്തം കുടുംബത്തിൽ നിന്നും പീഡനം നേരിടേണ്ടി വരുന്നത്. ശാരീരിക വളർച്ചയും ലൈംഗിക ഹോർമോണും കൂടിയും വൈകാരിക വളർച്ച കുറഞ്ഞുമുള്ള അവസ്ഥയിൽ അവർക്ക് തെറ്റും ശരിയും തിരിച്ചറിയാൻ പറ്റുന്നില്ല.
'അരുത് " എന്ന താക്കീത് ഉറച്ച ശബ്ദത്തിൽ പറയാൻ അറിയണം. അതിനുള്ള പ്രാപ്തി ഉണ്ടാക്കിയെടുക്കണം. എന്നോ സംഭവിച്ചു പോയ തെറ്റിനെ ഓർത്ത് മരണം വരെ അവർ നീറി ജീവിക്കേണ്ടി വരരുത്. തന്റെ നേർക്ക് നീളുന്ന കൈകൾ ആരുടേതും ആകട്ടെ. അതിനെ ചെറുക്കാൻ അവൾക്കു കരുത്ത് ഉണ്ടാകണം. വിദ്യാഭ്യാസ രീതിയിൽ കാതലായ പരിഷ്കരണം കൊണ്ട് വരണം. ആ മാറ്റത്തിന് വേണ്ടി ഒരല്പം സമയം അദ്ധ്യാപകരും അച്ഛനമ്മമാരും കണ്ടെത്തണം. ഒരു ദിവസത്തെ കൂലി പോയാൽ അന്നം മുട്ടുന്നവരുണ്ടാവും കൂട്ടത്തിൽ. പക്ഷേ നമ്മുടെ മക്കൾക്ക് വേണ്ടി, വരും തലമുറയ്ക്ക് വേണ്ടി ആ സമയം നമ്മളോരുരുത്തരും കണ്ടെത്തണം. സമൂഹം ഇനിയെങ്കിലും ഉണരട്ടെ. വെളിച്ചം കാട്ടി തരേണ്ടവർ കണ്ണടയ്ക്കരുത്. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു. പീഡനം പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും നേരിടുന്നുണ്ട്. അത് കാണാതെ പോകരുത്. ലൈംഗിക വിദ്യാഭ്യാസം ആൺകുഞ്ഞിനും പെൺകുഞ്ഞിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അരുതെന്ന് പറയേണ്ടിടത്ത് അവർക്കത് പറയാൻ കഴിയട്ടെ. കൂടെ നിൽക്കേണ്ടവരാണ് നമ്മൾ. നിയമത്തെ കുറിച്ച് എല്ലാവരും ബോധമുള്ളവരായി തീരണം. നമ്മുടെ കുഞ്ഞുമക്കൾ തന്റേടത്തോടെ, തല ഉയർത്തി പിടിച്ചു വളരട്ടെ.
(മാർ ഇവാനിയോസ് കോളേജിലെ കൗൺസലിംഗ് സൈക്കോളജിസ്റ്റാണ് ലേഖിക,
ഫോൺ നമ്പർ:86067 62211)