ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഭൂമിയിൽ വിരിയുന്ന മഴവില്ല്. നിറങ്ങളുടെ, നിറഭേദങ്ങളുടെ ചലച്ചിത്ര മേള; വിബ്ജിയോർ. സിനിമയെയും സമൂഹത്തെയും ഒരു പോലെ നെഞ്ചേറ്റുന്ന ഒരു കൂട്ടം മനുഷ്യരുടെ ഹൃദയമിടിപ്പായി തൃശൂരിൽ അരങ്ങേറുന്ന ചലച്ചിത്രോത്സവം 13-ാം പതിപ്പിലേക്ക് എത്തുകയാണ്. വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിക്കുന്ന മേള ഇത്തവണ നവംബർ 7 മുതൽ 10 വരെ സാഹിത്യ അക്കാഡമിയിലാണ് നടക്കുന്നത്.കേരളത്തിനകത്തും പുറത്തും നടക്കുന്ന ജനകീയ സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും പരിസ്ഥിതി പ്രക്ഷോഭങ്ങളുടെയും നേർക്കാഴ്ചയാണ് ഓരോ വർഷവും വിബ്ജിയോറിൽ വിരിയുന്ന ചിത്രങ്ങൾ. സാധാരണക്കാരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും സിനിമകൾക്കും അവരുടെ പോരാട്ടങ്ങൾക്കുമുള്ള ഐക്യദാർഢ്യം കൂടിയായി അതുമാറുന്നു.
സിനിമകൾ സമ്മാനിക്കുന്ന ഉൾക്കാഴ്ച നെഞ്ചേറ്റുന്നതിനൊപ്പം ജനകീയ പ്രശ്നങ്ങളെപിന്തുണയ്ക്കുന്ന ചലച്ചിത്ര പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം ചർച്ചയ്ക്ക് ഇടം നൽകുന്ന പൊതുവേദി ഒരുക്കുക കൂടിയാണ് ഈ ചലച്ചിത്ര കൂട്ടായ്മ ചെയ്യുന്നത്. നാഷണൽ , ഇന്റർനാഷണൽ, കേരള സ്പെക്ട്രം എന്നീ വിഭാഗങ്ങളിലായാണ് പ്രധാനമായും ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, വിവിധ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മിനി കോൺഫറൻസുകൾ, ചലച്ചിത്ര ശില്പശാലകൾ, സംഗീത പരിപാടികൾ, കലാ സാംസ്കാരിക രാവ്, മാദ്ധ്യമ/ചിത്രപ്രദർശനങ്ങൾ എന്നിവ പതിമൂന്നാം വിബ്ജിയോറിന്റെ ഭാഗമാകും. ഈ വർഷത്തെ ഫെസ്റ്റിവൽ ഡയറക്ടർ മാദ്ധ്യമ ചലച്ചിത്ര മേഖലയിൽ പ്രശസ്തയായ ആശ ആച്ചി ജോസഫാണ്.
കൂട്ടായ്മയുടെ തുടക്കം
2006ൽ ചെറുചിത്രങ്ങളുടെ ഒരു ചലച്ചിത്രമേളയായാണ് വിബ്ജിയോറിന്റെ തുടക്കം. കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിച്ചു വന്ന സംഘടനകൾ ചേർന്ന് അവരുടെ രാഷ്ട്രീയം സിനിമകളിലൂടെ പറയാൻ തീരുമാനിച്ചപ്പോൾ ലഭിക്കാൻ പോകുന്ന പിന്തുണയോ നേരിടാൻ പോകുന്ന വെല്ലുവിളികളോ വ്യക്തമല്ലായിരുന്നു. മീഡിയ ആക്ടിവിസം അത്രയധികം ചർച്ച ചെയ്യപ്പെടാതിരുന്ന കാലത്ത് കെ.സി. സന്തോഷ് കുമാർ, ഫാ.ബെന്നി ബെനഡിക്ട്, സി. ശരത് ചന്ദ്രൻ, കെ. പി. ശശി, പി. ബാബുരാജ് തുടങ്ങിയവരുടെ പിന്തുണയോടൊപ്പം ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, നോട്ടം, മൂവിംഗ് റിപ്പബ്ളിക്, വിഷ്വൽ സേർച്ച്, സെൻസ്, ഗയ, നവചിത്ര ഫിലിം സൊസൈറ്റി എന്നീ സംഘടനകൾ ചേർന്നാണ് വിബ്ജിയോർ ഫിലിം കളക്ടീവ് രൂപീകരിച്ചത്. സാമൂഹിക പ്രതിബദ്ധരായ ചലച്ചിത്ര പ്രവർത്തകരും ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകരും ചലച്ചിത്ര വിദ്യാർത്ഥികളും ഇതിനൊപ്പം ഹൃദയം ചേർത്ത് വച്ചപ്പോൾ വൈവിദ്ധ്യങ്ങളുടെ മഴവില്ല് നൃത്തം ചെയ്തു തുടങ്ങി. പരസ്പര സ്നേഹവും ഒത്തൊരുമയുടെ ആഘോഷവുമായാണ് പ്രതിസന്ധികൾക്കിടയിലും ഓരോ വർഷവും വിബ്ജിയോറിനെ യാഥാർത്ഥ്യമാക്കുന്നത്.
ചെറുത്തുനിൽപ്പുമായി ഫോക്കസ് തീം
ഒരു വർഷത്തെ ഏറ്റവും പ്രധാനപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു സാമൂഹിക രാഷ്ട്രീയ വിഷയമായിരിക്കും ചലച്ചിത്രമേളയുടെ ഫോക്കസ് തീമായി തിരഞ്ഞെടുക്കുന്നത്. പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും ചർച്ചകളിലൂടെയും വിഷയത്തിന്റെ ഗൗരവം കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് വിബ്ജിയോർ ചെയ്യുന്നത്. ജലം, ഭൂമി, ഊർജ്ജം, ഭക്ഷ്യസുരക്ഷ, ഭരണകൂടം, വർഗീയത - വികസനം എന്നിവയുമായി ബന്ധപ്പെട്ട ദക്ഷിണേഷ്യൻ പ്രശ്നങ്ങൾ, രാഷ്ട്രീയ ചലചിത്ര നിർമ്മാണവും മാദ്ധ്യമ ആക്ടിവിസവും ദക്ഷിണേഷ്യയിൽ, ദക്ഷിണേഷ്യ: ജീവിതവും ജീവസന്ധാരണവും, കവർന്നെടുക്കപ്പെട്ട ജനാധിപത്യങ്ങൾ, ലിംഗനീതി, ഹരിത വികസനം, വിമതം, സാംസ്കാരിക വൈവിദ്ധ്യങ്ങളുടെ ആഘോഷം തുടങ്ങിയ വിഷയങ്ങളാണ് മുൻവർഷങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത്.ഫോക്കസ് തീമിനൊപ്പം വ്യക്തിത്വങ്ങൾ, അവകാശങ്ങൾ, പുരോഗമനവാദം, ദേശങ്ങൾ, ലിംഗഭേദവും ലൈംഗികതയും, മൗലികവാദം, സംസ്കാരവും മാദ്ധ്യമങ്ങളും എന്നിങ്ങനെ മഴവില്ലിന്റെ ഏഴു നിറങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴു പ്രമേയങ്ങളും വിബ്ജിയോർ ഉൾക്കൊള്ളുന്നുണ്ട്.
റീബൂട്ടിംഗ് ഇന്ത്യ
ഇത്തവണത്തെ ഫോക്കസ് തീമായി തിരഞ്ഞെടുത്തിരിക്കുന്നത് റീബൂട്ടിംഗ് ഇന്ത്യ എന്ന വിഷയമാണ്. ചരിത്രത്തെ വളച്ചൊടിച്ചും പ്രത്യേക ജനവിഭാഗങ്ങളെ തിരഞ്ഞ് പിടിച്ച് പുറത്താക്കിയും എല്ലാവർക്കും അവകാശപ്പെട്ട വിഭവസമ്പത്തിനെ കോർപറേറ്റുകൾക്ക് തീറെഴുതിയും നിർമ്മിക്കാൻ ശ്രമിക്കുന്ന പുതിയ ഇന്ത്യയുടെ രൂപഭാവങ്ങളാണ് റീബൂട്ടിംഗ് ഇന്ത്യ ചർച്ച ചെയ്യുന്നത്. നാനാത്വത്തിൽ ഏകത്വം വിരിഞ്ഞ ഇന്ത്യൻ ജനാധിപത്യത്തിൽ ദേശസ്നേഹി എന്ന വാക്കിന്റെ അർത്ഥം തേടൽ കൂടിയായി ഈ വിഷയം മാറുന്നു എന്ന ആശയമാണ് സംഘാടകർ പങ്കുവയ്ക്കുന്നത്.''പുതിയ ഇന്ത്യയിൽ പുതിയ യുദ്ധമുഖങ്ങളാണ് തുറക്കേണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷം നാം നേടാൻ ശ്രമിച്ച ഇന്ത്യയെ, ഇടക്കാലത്ത് കൈമോശം വന്ന ഇന്ത്യയെയാണ് നാം റീ ബൂട്ട് ചെയ്യേണ്ടത്. വിബ്ജിയോർ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കുന്നതിനേക്കാൾ ചർച്ചകൾക്ക് അവസരം തുറക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ വിയോജിപ്പിന്റെ ശബ്ദങ്ങൾക്ക് ഇടം നൽകുകയും സംവാദങ്ങൾ സജീവമാക്കുകയും ചെയ്യുന്നു. വിബ്ജിയോർ ഫിലിം ഫെസ്റ്റിവൽ പ്രതീക്ഷയുടെ ആഘോഷമാണ്,"" ഫെസ്റ്റിഫൽ ഡയറക്ടർ ആശ ആച്ചി ജോസഫ് പറഞ്ഞു. നഷ്ടങ്ങളെക്കുറിച്ചുള്ള വിലാപമല്ല. വൈവിദ്ധ്യങ്ങളുടെ സമന്വയമായ ഇന്ത്യയെ റീ ബൂട്ട് ചെയ്തെടുക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു.
പ്രഭാഷണങ്ങളിലെ ഉൾക്കാഴ്ച
സി. ശരത് ചന്ദ്രൻ എന്ന മനുഷ്യ സ്നേഹിയായ ചലച്ചിത്ര പ്രവർത്തകന്റെ, വിബ്ജിയോറിന്റെ സ്വന്തം ശരത്തേട്ടന്റെ പേരിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. ജനകീയ സമരങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ മനസും അവരുടെ ചെറുത്തു നിൽപ്പിന് നേർസാക്ഷിയായ കാമറയും മീഡിയ ആക്ടിവിസത്തിന് ശക്തിയും സാദ്ധ്യതകളും തെളിയിച്ചിട്ടുണ്ട്. പി. സായ്നാഥ്, പ്രൊഫ. ലാർബി സാദിക്കി, ഡോ. സെൽവി തിരുചന്ദ്രൻ, പാബ്ലോ സോളോ റോമേറോ, യോഗേന്ദ്ര യാദവ്, അശോക് ബാജ്പായ് തുടങ്ങിയ പ്രമുഖർ ഇതിനോടകം തങ്ങളുടെ ആശങ്ങളുമായി വിബ്ജിയോറിലെത്തി. റീബൂട്ടിംഗ് ഇന്ത്യ എന്ന ഫോക്കസ് തീമിനോട് ചേർന്നു നിൽക്കും വിധം കാശ്മീർ ടൈംസ് ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് ഇത്തവണ സി.ശരത് ചന്ദ്രൻ സ്മാരകപ്രഭാഷണം നടത്താൻ എത്തുന്നത്.
വേദിവിട്ടിറങ്ങുന്ന കാഴ്ചകൾ
ഗ്രാമങ്ങളിലുള്ള സാധാരണക്കാർക്കും യുവജനങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും പലകാരണങ്ങളാൽ രാജ്യാന്തര ചലച്ചിത്ര മേളകളിൽ അവസരം നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കുമായാണ് കാമ്പസ്/വില്ലേജ് വിബ്ജിയോർ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതെ പോകുന്നവർക്ക് അവ പങ്ക് വയ്ക്കുന്ന കലാ സാംസ്കാരിക, രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങൾ മനസിലാക്കാൻ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം.സിനിമാവിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കുന്ന സമകാലീന പ്രശ്നങ്ങൾ, ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററി ഹ്രസ്വകഥാ ചലച്ചിത്രങ്ങളാണ് ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ പാക്കേജിലുൾപ്പെടുത്തിയിരിക്കുന്നത്.ഓരോ കലാലയത്തിലും കാമ്പസ് വിബ്ജിയോർ സംഘാടനവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് വിബ്ജിയോർ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ പ്രവർത്തിക്കാനുള്ള അവസരവുമുണ്ടായിരിക്കും. അവർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നുണ്ട്. വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, സാമൂഹ്യപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, കർഷകർ, തൊഴിലാളികൾ എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്താൻ വേദി വിട്ടിറങ്ങുന്ന ഈ മേളകൾക്കാകുന്നു.
റോഡ് ടു വിബ്ജിയോർ
ആറ് വർഷം മുമ്പ് വിബ്ജിയോർ ചലച്ചിത്രമേളയ്ക്ക് മുമ്പായി നടത്തിയ യാത്രയുടെ മാതൃകയിലാണ് റോഡ് ടു വിബ്ജിയോർ എന്ന പേരിൽ ഇപ്പോഴും ചലച്ചിത്ര യാത്രകൾ സംഘടിപ്പിച്ചു വരുന്നത്. സുഹൃത്തുക്കളെയും മറ്റ് സംഘടനകളേയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതിനും നാലു ദിവസത്തെ മേളയിൽ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് റോഡ് ടു വിബ്ജിയോർ യാത്ര സംഘടിപ്പിക്കുന്നത്. ചലച്ചിത്ര പ്രദർശനം, സന്ദർശിക്കുന്ന ഓരോ പ്രദേശത്തെയും ജനകീയ സമരസമിതികളുമായുള്ള ഒത്തുചേരൽ, രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ പ്രദേശങ്ങളിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെടുത്തി നിർമ്മിച്ച ചലച്ചിത്രങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ എന്നിവയാണ് യാത്രയിലെ പ്രധാന പരിപാടികൾ. തൃശൂർ ജില്ലയിലെ സാംസ്കാരികമായി പിന്നോട്ട് നിൽക്കുന്ന പഞ്ചായത്തുകളിലെ വിദ്യാലയങ്ങളെയാണ് യാത്ര പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പാഠം പങ്കുവയ്ക്കുന്ന ഇത്തരം ആശയങ്ങളുമായി വിബ്ജിയോർ ഈ വർഷത്തെ ആഘോഷത്തിന് തുടക്കം കുറിക്കുകയാണ്.