ആമ്പൽ പൂവേ ...അണിയം പൂവേ.. നീയറിഞ്ഞോ... നീയറിഞ്ഞോ കോട്ടയത്തിപ്പോൾ ആമ്പൽ വസന്തമാണ്. മൂന്നാറിലെ നീലക്കുറിഞ്ഞി പോലെ ആമ്പൽ ടൂറിസത്തിൽ ഇനി അക്ഷരനഗരിയുടെ പേരുമുണ്ടാകും. കണ്ടും കേട്ടും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ പൂപ്പാടങ്ങൾ തേടി പോയിരുന്ന മലയാളിക്ക് കോട്ടയത്തെ ആമ്പൽക്കാഴ്ച കൗതുകം തന്നെയാണ്. തിരുവാർപ്പ് മലരിക്കലും പനച്ചിക്കാട് അമ്പാട്ടും തൃക്കോതമംഗലം മുണ്ട് പാടം കുറിച്ചിയിലുമായി ആറായിരം പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽപ്പൂക്കൾ വസന്തം തീർത്തത്.
ചെളിയിൽ വേരുകളാഴ്ത്തി തല ഉയർത്തി നിൽക്കുന്ന ആമ്പൽപ്പൂക്കൾ കാഴ്ചക്കാരുടെ മനം കീഴടക്കിയതിന്റെ തെളിവായിരുന്നു കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടേക്ക് ഒഴുകിയെത്തിയ ജനപ്രവാഹം. പാടത്തിറങ്ങി പൂവ് പറിച്ചും സെൽഫിയെടുത്തും മലയാളി ഈ വസന്തത്തെ ആസ്വദിക്കുകയായിരുന്നു. ചെറുവള്ളങ്ങളിലും പെഡൽ ബോട്ടുകളിലുമായി വിദേശികളും കാഴ്ച കാണാനെത്തി. തിരക്ക് കൂടിയതോടെ കിലോമീറ്ററുകളോളം നടന്നാണ് പലരും ഈ കാഴ്ച കാണാനെത്തിയത്.
ചെളിയിൽ നിന്ന് പറിച്ചെടുത്ത ആമ്പൽപ്പൂക്കൾ ചേർത്ത് പിടിച്ചൊരു ഫോട്ടോ. കാഴ്ച കാണാനെത്തിയവരെല്ലാം ആമ്പൽ വസന്തം ആഘോഷിച്ചത് ഇങ്ങനെയാണ്. അതുകഴിഞ്ഞ് മടങ്ങിപ്പോകുന്ന വഴികളിലെല്ലാം തണ്ടറ്റ്, ഇതൾ മുറിഞ്ഞ, വാടിയ പൂക്കളായിരുന്നു കാണാനുണ്ടായിരുന്നത്. തീർത്തും വേദനിപ്പിക്കുന്ന കാഴ്ച. എത്ര പെട്ടെന്നാണ് ആരെയും മയക്കിയിരുന്ന ആ സൗന്ദര്യത്തെ നഷ്ടപ്പെടുത്തിയത്.
മലരിക്കൽ ആമ്പൽ വസന്തം തീർത്തതോടെ ഗ്രാമീണ ടൂറിസവും വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ. കോട്ടയത്തെ പ്രധാന നദികളായ മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർസംയോജന പദ്ധതി വഴി ലക്ഷ്യമിട്ടത് ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തി ജലഗതാഗതം പുനഃസ്ഥാപിക്കുകയും നെൽ കൃഷി തിരികെ കൊണ്ടുവരികയുമായിരുന്നു. മുമ്പ് ഇവിടം ശ്രദ്ധേയമായിരുന്നത് പച്ചവിരിച്ച് പരന്നു കിടക്കുന്ന പാടശേഖരങ്ങളും അവക്കു പിന്നിൽ തെളിയുന്ന അസ്തമയ സൂര്യ ദൃശ്യവുമായിട്ടായിരുന്നു.
കുമരകത്ത് വേമ്പനാട്ടു കായലിൽ കാണാൻ കഴിയാത്തത്ര മനോഹര കാഴ്ചയാണ് ഇവിടത്തെ അസ്തമനം. കേട്ടറിഞ്ഞ് സഞ്ചാരികളെത്തിയതോടെ മലരിക്കൽ ടൂറിസം വില്ലേജായി ഉണർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ടാർ ചെയ്തു. നെൽപ്പാടങ്ങൾക്കരികിൽ കാറ്റേറ്റിരിക്കാൻ സഞ്ചാരികൾക്കുള്ള മുള ഇരിപ്പിടങ്ങളും ഒരുക്കി. നാടൻ വിഭവങ്ങളുമായി ചെറു ചായക്കടകളും ഉയർന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി.
ആമ്പൽ വസന്തം കഴിഞ്ഞാലും ടൂറിസത്തിന്റെ സാദ്ധ്യതകൾ മങ്ങുന്നില്ല. ഇനി താമരപൂക്കളുടെ വസന്തമാണ്, അതുകഴിഞ്ഞ് പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങളും സ്വർണനിറമണിഞ്ഞ നെൽക്കതിരുമായി കൊയ്ത്തുത്സവവും. മലരിക്കൽ കേരളടൂറിസ ഭൂപടത്തിൽ പുതിയ ചരിത്രം തീർക്കാനുള്ള കുതിപ്പിനൊരുങ്ങുകയാണ്. നാലര ഏക്കർ പാടത്ത് ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് വിദേശ മലയാളിയായ ഷാജി മുല്ലശേരി. തിരുവാർപ്പ് മലരിക്കൽ ടൂറിസം വില്ലേജിലെത്തുന്ന സഞ്ചാരികൾക്കായി താമരക്കുളവും ആമ്പൽക്കുളവും അലങ്കാരമത്സ്യക്കുളവുമൊരുക്കാനാണ് പദ്ധതി. ഷാജിയുടെ വയൽവരമ്പിൽ നട്ടുപിടിപ്പിച്ച മുളങ്കാടിൻചുവട്ടിലിരുന്ന് സഞ്ചാരികൾക്ക് ആയിരംപറ നെൽപ്പാടം തഴുകിയെത്തുന്ന നനുത്ത കാറ്റേൽക്കാം.
' മലരിക്കലിൽ ആകെയുള്ള കാഴ്ച വിശാലമായ നെൽപ്പാടങ്ങളും അസ്തമനവുമാണ്. ഒരിക്കൽ വരുന്ന സഞ്ചാരി വീണ്ടും വരണമെങ്കിൽ മറ്റു പലതും വേണം.അതിനുള്ള ശ്രമമാണ് നടത്തുന്നത്. താമരക്കുളത്തിൽ ചെന്താമര. നീലത്താമര, വെള്ളത്താമര ഇനങ്ങളുണ്ട്. മഹാബലിപുരത്തു നിന്ന് കൊണ്ടു വന്നതാണ് വെള്ളത്താമര. 15 രൂപ വരെ ചെന്താമരയ്ക്ക് വില കിട്ടും. വേനലോ മഴയോ വെള്ളപ്പൊക്കമോ ഒന്നും താമരയ്ക്ക് ബാധകമല്ല. വെള്ളംപൊങ്ങിയാൽ വെള്ളത്തിന് മുകളിൽ താമര ഉയരും. ചാണകവും അൽപ്പം യൂറിയയും ഇട്ടു കൊടുത്താൽ പൊട്ടി മുളച്ചു കുളം മുഴുവൻ പടരും. മഹാ പ്രളയത്തിൽ താമരക്കുളത്തിൽ മാലിന്യങ്ങൾ വന്നടിഞ്ഞു.
അവ മാറ്റി കുളം ശുദ്ധീകരിച്ചു. പുതിയ മീൻ കുളങ്ങളിൽ ഒന്ന് അലങ്കാര മത്സ്യങ്ങളുടേതു മാത്രമാണ്. മറ്റൊന്നിൽ കൊഞ്ചും കരിമീനും വളർത്തും. സഞ്ചാരികൾക്ക് ചൂണ്ടയിട്ടോ വല വീശിയോ പിടിക്കാം. പാട വരമ്പത്തെ തൈതെങ്ങുകൾ കുലച്ചു. കരിക്ക് കുടിച്ച് ദാഹം ശമിപ്പിക്കാം. തെങ്ങുകൾക്ക് ഉയരം കുറവായതിനാൽ കള്ള് ചെത്തിയെടുക്കുന്നതെങ്ങനെയെന്നും സഞ്ചാരികൾക്ക് നിലത്തു നിന്ന് കാണാം. കോഴി,കാട, ഗിനി, കൽക്കം, പേത്ത, താറാവ്, മുയൽ എന്നിവയെ വലിയ ഒറ്റക്കൂട്ടിലാക്കി വളർത്തുകയാണ് മറ്റൊരു വിസ്മയം." ഷാജി പറയുന്നു.
മലരിക്കൽ ടൂറിസം വില്ലേജിലേക്കുള്ള റോഡ് ടാർ ചെയ്തതല്ലാതെ മറ്റു അടിസ്ഥാന സൗകര്യങ്ങളൊന്നും ആയിട്ടില്ല. ബാലാരിഷ്ടതകൾ മറികടന്ന് സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെത്തിയ ഷാജിയുടെ മനസിലുള്ളത്. അധികൃതർ മുഖം തിരിഞ്ഞുനിൽക്കുകയാണെങ്കിലും സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഷാജി.