മലയാള ഭാഷയുടെ കാവ്യഭംഗി വാനോളം ഉയർത്തിയ കവി വയലാർ രാമവർമ്മ വിട പറഞ്ഞിട്ട് നാലു പതിറ്റാണ്ടു പിന്നിട്ടെങ്കിലുംജനഹൃദയങ്ങളിൽ അദ്ദേഹം ഇന്നും ആഴത്തിൽ കുടികൊള്ളുന്നു. അകാലത്തിൽ പൊലിഞ്ഞ ആ സർഗപ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ കവിതകൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ചുണ്ടുകളിൽ നിത്യേന വിരിയുന്നുണ്ട്. ആ അനശ്വര പ്രതിഭയുടെ അന്ത്യനാളുകളിൽ പരിചരിക്കാനുള്ള ഭാഗ്യം കൈവന്നവരിലൊരാളാണ് ലേഖകൻ.
കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അദ്ദേഹം മരണമടയുന്നത്. നക്ഷത്രത്തിളക്കത്തോടെ മലയാള കവിതയ്ക്ക് അദ്ദേഹം ആസ്വാദ്യതയുടെ ഒരു പുത്തൻ ഉണർവ് സമ്മാനിച്ച കാലമായിരുന്നു അത്.
നൈസർഗികമായ കാവ്യരചനാസിദ്ധിയും കാല്പനികതയും നിറഞ്ഞു തുളുമ്പി നിന്നിരുന്ന ഒരപൂർവ വ്യക്തിത്വമായിരുന്നു വയലാർ എന്നതിനു രണ്ടു പക്ഷമില്ല. പാദമുദ്രകൾ, എനിക്കു മരണമില്ല, ഒരു ജൂദാസ് ജനിക്കുന്നു തുടങ്ങിയ അനശ്വരങ്ങളായ നിരവധി കവിതകൾ വയലാറിന്റെ തൂലികയിൽ നിന്നും കൈരളിക്കു ലഭ്യമായി. കൂടാതെ കാവ്യഭംഗി നിറഞ്ഞു നിന്നിരുന്ന ആയിരത്തി മുന്നൂറോളം സിനിമാ ഗാനങ്ങൾ അദ്ദേഹം രചിച്ചിരുന്നു. വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം ചെയ്ത് ഗാനഗന്ധർവൻ യേശുദാസിന്റെ കണ്ഠത്തിലൂടെ ഉതിർന്നു വന്ന ഗാനങ്ങൾ ഏറെയും മലയാളികളുടെ ചുണ്ടിലെ മരിക്കാത്ത ഓർമ്മകളായി ഇന്നും നിലകൊള്ളുന്നു.
അന്ന് മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു ഞാൻ. കരൾരോഗം ബാധിച്ചതിനെ തുടർന്ന് രക്തം ഛർദ്ദിച്ച് രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്ന അദ്ദേഹത്തെ അവിടേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട രക്തം അദ്ദേഹത്തിനു നൽകി രക്ഷിക്കാൻ കഴിയുമോ എന്നു ശ്രമിച്ചു നോക്കി. വയലാറുമായി യാതൊരു വിധ ബന്ധവുമില്ലാത്ത നിരവധി പേർ ഓടിയെത്തി രക്തദാനത്തിനു സന്നദ്ധത കാട്ടി. ആരാധകരുടെ ഒരു വൻനിര തന്നെ ഇതിനായി അവിടെ വന്നു ചേർന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. രക്തദാനം കൊണ്ട് രക്തസ്രാവം നിയന്ത്രിതമാക്കാൻ കഴിയില്ലെന്നു കണ്ട ഡോക്ടർമാർ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചു.
സങ്കീർണമായ ശസ്ത്രക്രിയയെ തുടർന്ന് വയലാറിനെ ഓപ്പറേഷൻ തീയേറ്ററിൽ തന്നെ കിടത്തി തീവ്ര പരിചരണം നൽകാൻ തീരുമാനിച്ചു. ഇത്തരം വേളകളിൽ പതിവുപോലെ സീനിയർ സർജൻമാർ അവർക്കു ഏറെ വിശ്വാസമുള്ള രണ്ടു ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്ന നിലയിൽ എന്നെയും ഡോ. വി. എൻ മണിയേയുമാണ് നിയോഗിച്ചത്. പിൽക്കാലത്ത് കേരളത്തിൽ ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീമിലെ പ്രധാനിയായിരുന്നു ഡോ. വി. എൻ മണി.
ശസ്ത്രക്രിയാനന്തരം നിരീക്ഷണത്തിലി രിക്കെ വയലാറിന്റെ ഹൃദയമിടിപ്പും, രക്തസമ്മർദ്ദവും ശ്വാസോച്ഛ്വാസവും ഒക്കെ നിരന്തരം മാറിമറിഞ്ഞുകൊണ്ടിരുന്നു. ഞങ്ങളാകട്ടെ കാവൽ നായ്ക്കളെപ്പോലെ സൂക്ഷ്മമായി അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ട് രാത്രി പകലാക്കി കഴിഞ്ഞുകൂടി. പെട്ടെന്ന് വയലാർ ബോധവാനായി. ശരീരാവസ്ഥയെപ്പറ്റി ചോദിച്ചപ്പോൾ താനെഴുതിയ സിനിമാഗാനങ്ങളിൽ ഏറെ പ്രിയപ്പെട്ട ''ചക്രവർത്തിനീ"" എന്ന സിനിമാഗാനം ആലപിച്ചു കേൾപ്പിക്കണമെന്ന് എന്നോടാവശ്യപ്പെട്ടു. ഗാനങ്ങൾ ആസ്വദിക്കുക പ്രിയമായി കരുതിപ്പോന്ന എന്നിൽ വയലാറിന്റെ ഈ അഭ്യർത്ഥന ഒരു ഞെട്ടൽ തന്നെ ഉണ്ടാക്കിയെന്നു പറയുന്നതാകും വാസ്തവം.
പാടാൻ അറിയാത്ത ഞാൻ വിശേഷിച്ചും ചക്രവർത്തിനീ എന്നാരംഭിക്കുന്ന ഗാനം എങ്ങനെ പാടുമെന്ന് ഓർത്ത് ആശങ്കാകുലനായി. എങ്കിലും ഞാൻ ഉൾപ്പെടെയുള്ളവർ ഏറെ ആരാധനയോടെ കണ്ടു വന്ന അദ്ദേഹത്തിന്റെ അഭിലാഷത്തോടു നീതി പുലർത്തി. ആവുംവിധം പാടിയൊപ്പിച്ചു. അദ്ദേഹത്തിന്റെ മുഖം പ്രസന്നമാകുന്നതും ശാന്തമായി ഉറങ്ങുന്നതും മനസിലുണ്ട്.
ഒരു മണിക്കൂർ നേരത്തേക്ക് വയലാറിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും ഒക്കെ സാധാരണ നിലയിലായി. എന്നാൽ പെട്ടെന്ന് ഇ. സി. ജി യിൽ ചില വ്യതിയാനങ്ങൾ കാണപ്പെട്ടു. ഹൃദയം സ്തംഭിക്കുന്നതാണെന്ന് മനസിലായി. ഉടൻ തന്നെ കാർഡിയാക് മസാജും കൃത്രിമ ശാസോച്ഛ്വാസവും ഞങ്ങൾ മാറിമാറി നൽകി. സീനിയർ ഡോക്ടർമാരെ വിവരം ധരിപ്പിച്ചു. ഞങ്ങൾ തന്നെ ശ്വാസനാളത്തിൽ ട്യൂബിട്ടു വെന്റിലേറ്ററിൽ ബന്ധിപ്പിച്ചു. ഹൃദയത്തെ വീണ്ടും തുടിപ്പിച്ചു എടുക്കുകയും ചെയ്തു. പ്രഭാതം വരെ അമൂല്യമായ ആ ജീവൻ നിലനിറുത്താനായതിന്റെ ചാരിതാർത്ഥ്യം ഇന്നും മനസിൽ സൂക്ഷിക്കുന്നു. അനസ്തിയേഷ്യളജിസ്റ്റും സർജർമാരും തിയേറ്റിലെത്തി. ഞങ്ങളുടെ സമയബന്ധിതമായ പ്രവൃത്തിയെ അഭിനന്ദിച്ച് അവർ തുടർ ചികിത്സയിൽ മുഴുകി. പഠനകാലത്ത് വൈദ്യശാസ്ത്ര മേഖലയിൽ ഏതൊരു വിദ്യാർത്ഥിക്കും വന്നു ചേരുന്ന ഇത്തരം അനുഭവങ്ങളും വകുപ്പു മേധാവികളുടെ അഭിനന്ദന വാക്കുകളും മുന്നോട്ടുള്ള കാൽവയ്പ്പിനു ഏറെ കരുത്തു നൽകുന്നതാകും.
അടുത്ത ദിവസം വയലാർ വീണ്ടും മുൻദിനത്തിലേതുപോലെ ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയും കാലയവനികയിൽ മറയുകയുകയും ചെയ്തു. രാപ്പകൽ ഭേദമില്ലാതെ ആ മഹാമനുഷ്യന്റെ ജീവൻ നിലനിറുത്താൻ അത്യദ്ധ്വാനം കാഴ്ചവച്ചശേഷം പകൽ അല്പം വിശ്രമത്തിനായി കിടന്നുറങ്ങിയ ഞങ്ങളെ സഹപാഠികൾ വിളിച്ചറിയിച്ചത് ഹൃദയഭേദകമായ വാർത്തയായിരുന്നു. അല്പം പോലും വൈകാതെ ഞാനും ഡോ. മണിയും മെഡിക്കൽ കോളജിലെ തിയറ്ററിലേക്കു കുതിക്കുകയായിരുന്നു. ഒരുനോക്ക് കണ്ടശേഷം നിറകണ്ണുകളോടെ ഞങ്ങൾ തിയേറ്ററിനു പുറത്തിറങ്ങി.
ഈ സമയമൊക്കെയും വയലാറിന്റെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അന്നത്തെയും ഇന്നത്തെയും ഞങ്ങളുടെ ആരാധ്യയായ ഗുരുനാഥ ഡോ. ലളിതയുടെ ജീവിതപങ്കാളി സി.വി. ത്രിവിക്രമനായിരുന്നു എന്നതും സ്മരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരിൽ പ്രമുഖനായിരുന്ന കോട്ടുകോയിക്കൽ വേലായുധൻ മാസ്റ്ററുടെ മകനാണ് ത്രിവിക്രമൻ. വയലാർ എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയ കവിയുടെ സ്മരണ ശ്വാശ്വതീകരിക്കുന്നതിനായി രൂപം കൊണ്ട വയലാർ സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. വർഷം തോറും ഒക്ടോബർ 27 നു ആ ധന്യാത്മാവിന്റെ വിയോഗദിനത്തിൽ വയലാർ സ്മാരക ട്രസ്റ്റ് മികച്ച സാഹിത്യകാരന് വയലാർ അവാർഡ് നൽകി ആദരിച്ചു വരുകയും ചെയ്യുന്നു.
(പ്രമുഖ ഹൃദയ ശസ്ത്രക്രിയാവിദഗ്ധനും
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമാണ് ലേഖകൻ.
ഫോൺ: 7356287676)