
മിഗ്വേൽ ദെ സർവാന്റസിന്റെ പ്രശസ്തമായ ഡോൺ ക്വിക്സോട്ടിനെപ്പറ്റി പുതിയൊരു പുസ്തകം കൂടി പുറത്തു വന്നിരിക്കുന്നു. പ്രൊഫ. കെ. ജയരാജൻ എഴുതിയ 'ഡോൺ ക്വിക് സേട്ട് ഭാവനയുടെ വിസ്മയം" . ഡോൺ ക്വിക് സോട്ടിന്റെ സംക്ഷിപ്ത രൂപവും അതിനെക്കുറിച്ചുള്ള മികച്ച പഠനങ്ങളുമാണ്  ഗ്രന്ഥത്തിലുള്ളത് നാലു നൂറ്റാണ്ടുകൾക്ക് മുമ്പ്  പുറത്തുവന്ന  ഈ പുസ്തകം ലോകത്തെ മിക്കവാറും എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. ലോകത്തെ പ്രശസ്തരായ എഴുത്തുകാരെല്ലാം ഈ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുണ്ട്. ബുദ്ധിമാനും കോമാളിയുമായ ക്വിക്ക് സോട്ടിന്റെയും കൂട്ടുകാരന്റെയും  സാഹസിക യാത്രകൾ എല്ലാത്തരത്തിലുള്ള വായനക്കാരും ഇഷ്ടപ്പെട്ടു. എല്ലാകാലത്തെയും എല്ലാദേശത്തെയും വായനക്കാർ ക്വിക് സോട്ടിന്റെ ജീവിതം ആസ്വദിച്ചു. 
എല്ലാവർഷവും വായിച്ചിരിക്കേണ്ട പുസ്തകമാണിത് എന്ന്  അമേരിക്കൻ നോവലിസ്റ്റായ വില്യം ഫോക്നർ പറഞ്ഞു. ആധുനിക നോവൽ സങ്കൽപ്പവുമായി പൂർണമായും പൊരുത്തപ്പെട്ട് പോകുന്നില്ലെങ്കിലും ഈ പുസ്തകത്തെ നോവലായി പരിഗണിക്കാം. വീരസാഹസിക കഥകൾ വായിച്ച ആവേശത്തിൽ നായകനായ ക്വിക് സോട്ട് കൂട്ടുകാരനായ സാഞ്ചോ പൻസയും നടത്തുന്ന സാഹസിക പര്യടനങ്ങളാണ് ഈ കൃതിയിലെ ഇതിവൃത്തം. അവരുടെ കോമാളിത്തരങ്ങളും അബദ്ധങ്ങളും വായനക്കാരെ ചിരിപ്പിക്കുന്നു. എന്നാൽ അവരുടെ വാക്കുകൾ  വായനക്കാരെ ചിന്തിപ്പിക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന വലിയ അറിവുകളും തത്ത്വചിന്തയും ആ വാക്കുകളിലുണ്ട്. കോമാളിയാണെങ്കിലും ദാർശനികൻ കൂടിയാണ് ക്വിക് സോട്ട്. ജ്ഞാനിയായ ക്വിക് സോട്ട് രസികനായ ഭ്രാന്തൻ കൂടിയാണ്. ക്വിക് സോട്ട് മനുഷ്യന്റെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ക്വിക് സോട്ടും കൂട്ടുകാരനും അവരുടെ സാഹസിക യാത്രയ്ക്കിടയിൽ പലരെയും കണ്ടുമുട്ടുന്നു. സത്രം നടത്തിപ്പുകാരെയും പുരോഹിതൻമാരെയും  ജയിൽപ്പുള്ളികളെയും കാമുകൻമാരെയുമെല്ലാം കാണുന്നു. പലരുമായും ഏറ്റുമുട്ടുകയും പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
പ്രസാധകർ:
കറന്റ് ബുക്സ്, ₹120