ധാർമ്മിക രോഷത്തിന്റെയും ആത്മത്യാഗത്തിന്റെയും ഒരിക്കലും അണയാത്ത തീപ്പന്തമായിരുന്നു സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ സുഭദ്ര. വ്യക്തമായ രാഷ്ട്രീയബോധവും സാമൂഹിക പ്രതിബദ്ധതയുമുണ്ടായിരുന്ന സുഭദ്ര താൻ ജീവിച്ച കാലഘട്ടത്തോടും ആണധികാരത്തിന്റെ ഉരുക്കുകോട്ടകളോടും ധീരമായി പോരാടിയ ഉജ്ജ്വലനായികയായിരുന്നു. സുഭദ്രയ്ക്ക് മരണമില്ല. അവൾ ദുരന്തനായികയുമല്ല, അവൾ ജീവിക്കുന്ന രക്തസാക്ഷിയാണ്. പുതിയ കാലത്തിൽ പുതിയ മേധാവിത്വങ്ങളോട് പൊരുതാൻ അവൾ പുനർജ്ജനിച്ചു കൊണ്ടിരിക്കും. അങ്ങനെയൊരു പുനർജ്ജന്മമാണ് പ്രേംസുജയുടെ 'സുഭദ്ര" എന്ന നോവലും അതിലെ നായികയായ സുഭദ്രയും.
എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്ന കുളത്തൂർ പിള്ളയുടെ വംശപരമ്പരയിൽ പൂവാലിയൻ കൊച്ചപ്പിപ്പിള്ളയുടെ ശേഷക്കാരനാണ് കരയ്ക്കാപ്പുറത്ത് പരമേശ്വരൻ നായർ. പരമേശ്വരൻ നായരുടെ സഹോദരിയുടെ മകളാണ് സുഭദ്ര. സി.വിയുടെ സുഭദ്രയുടെ കാലം കൊല്ലവർഷം 903 ലാണ്. എന്നാൽ സ്വാതന്ത്ര്യസമരകാലമാണ് പ്രേംസുജയുടെ നോവലിന്റെ കാലഘട്ടം. ജന്മിവ്യവസ്ഥയും ജാതിവ്യവസ്ഥയും തീണ്ടലും അയിത്തവുമെല്ലാം അതിന്റെ പരകോടിയിലായിരുന്ന സാമൂഹികാവസ്ഥ. കുടുംബങ്ങളിൽ കാരണവരുടെ ഏകാധിപത്യവും തേർവാഴ്ചയും ചോദ്യം ചെയ്യപ്പെടാനാകാതിരുന്ന കാലം. ഈ സാമൂഹികവ്യവസ്ഥയ്ക്കും കുടുംബവ്യവസ്ഥയ്ക്കുമെതിരെ ഒറ്റയ്ക്കു പോരാടിയ കരുത്തുറ്റ കഥാപാത്രമാണ് സുഭദ്ര. അവളുടെ ചെറുത്തുനില്പിന്റെ കഥയാണ് സുഭദ്ര എന്ന നോവൽ.
ഏകാധിപത്യവാഴ്ചക്കെതിരെയുള്ള പോരാട്ടം. സ്ത്രീയുടെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടം, എന്നതിനുമപ്പുറം ഈ നോവലിന് സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ ചില മാനങ്ങളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക വ്യവസ്ഥയാണ് ഈ നോവലിന്റെ ഭൂമിക എന്ന് സൂചിപ്പിച്ചുവല്ലോ. അതേ സമയംതന്നെ അതിനെതിരായുള്ള പ്രതിഷേധസ്വരങ്ങളുടെ അലയൊലി ഈ നോവലിൽ നമുക്ക് വായിച്ചു തുടങ്ങാനാകും. വിദ്യാഭ്യാസം നേടുന്ന ശ്രീധരനെപ്പോലുള്ളവർ അതിന് നേതൃത്വം നൽകിത്തുടങ്ങി.
ഈ നോവലിന്റെ ആഖ്യാനത്തിലുമുണ്ട് പുതുമ. വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന രണ്ട് സ്ത്രീകളിലൂടെയാണ് നോവലിന്റെ ഇതിവൃത്തം പുരോഗമിക്കുന്നത്. വർത്തമാനകാലത്തിന്റെ ആകുലതകളിൽ വേദനിക്കുന്ന ഗാഥ എന്ന സ്ത്രീയുടെ ആധുനിക ജീവിതവും അവരുടെ ഓർമ്മകളിൽ കൂടിയും സുഭദ്രയുടെ ഡയറിക്കുറിപ്പുകളിൽ കൂടിയും ഇതൾ വിരിയുന്ന സുഭദ്രയുടെ അപൂർണമായ ജീവിതകാലഘട്ടവും അവതരിപ്പിക്കുന്നു. ഗാഥ എന്ന സ്ത്രീയിൽ കൂടി വർത്തമാനകാല സ്ത്രീ അവസ്ഥകളും ആധുനിക സമൂഹത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളും പുതുതലമുറയുടെ നഷ്ടബോധങ്ങളുമെല്ലാം നേരിയ വർണനകളിൽ കൂടി അനാവരണം ചെയ്യുന്നു.
പ്രസാധകർ :
ഗ്രീൻ ബുക്സ്, ₹ 235