പത്മകുമാർ സഹൃദയനും എഴുത്തുകാരനുമാണ്. സഹൃദയനെന്നത് വിശേഷണമല്ല എല്ലാ അർത്ഥത്തിലും ഹൃദയമുള്ള വ്യക്തി തന്നെ. ആരെക്കുറിച്ചും മോശമായി ഒന്നും പറയാറില്ല. ഉള്ള സൗഹൃദങ്ങളും ബന്ധങ്ങളും ആഴമുള്ളതും ഉറച്ചതുമാണ്.
ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന മഹദ് വ്യക്തികളെക്കുറിച്ച് ചില സൂചനകൾ നൽകാറുണ്ട്. താത്പര്യമുണ്ടെങ്കിൽ വിശദാംശങ്ങൾ പറയും. ദൈവവും വിധിയും എവിടെയെങ്കിലും വച്ച് ഒരിക്കൽ തോല്പിച്ചുകളയും. സമ്പന്നൻ അങ്ങനെ നിർദ്ധനനാകും. പ്രശസ്തൻ ദുഷ്കീർത്തിമാനാകും. ബലവാൻ കണ്ടാലറിയാത്ത കോലത്തിലാകും. ദൈവത്തിന് തോല്പിക്കാൻ പറ്റാത്ത ചിലരുണ്ട്. അവരെ ചുറ്റുമുള്ളവർ ദൈവമായി കാണും. അതിനുദാഹരണമായാണ് രാമകൃഷ്ണൻ ജീവിതത്തെ പറ്റി പറഞ്ഞത്.
രാമകൃഷ്ണന്റെ പൂർവകാലം രണ്ടോ മൂന്നോ വാചകത്തിലൊതുങ്ങും. സുമുഖൻ. സർക്കാർ ഉദ്യോഗസ്ഥൻ. നല്ല വായനാശീലം. വൈകിയാണ് കല്യാണം കഴിച്ചത്. അച്ഛനാകാൻ കാത്തിരിക്കേണ്ടി വന്നത് നീണ്ട പത്തുവർഷം. ഭാര്യ ഗർഭിണിയായപ്പോഴേ ഡോക്ടർ വിധിച്ചത് പൂർണ വിശ്രമം. അതു പാലിച്ചു. നല്ല നക്ഷത്രത്തിൽ ഒരു ആൺകുട്ടി പിറന്നു. വിദ്യാരംഭം നടത്തിയതും രാമകൃഷ്ണൻ തന്നെ. പാട്ടിലും കളിയിലും പഠനത്തിലും സമർത്ഥൻ. പത്താംക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക്. ഡോക്ടറാക്കണോ എൻജിനീയറാക്കണോ എന്നൊക്കെയുള്ള സഹപ്രവർത്തകരുടെ ചോദ്യത്തിന് രാമകൃഷ്ണൻ സൗമ്യമായി മറുപടി പറഞ്ഞു നല്ല മനുഷ്യനാകണം. അത്രയേയുള്ളൂ.
കോളേജിലെ ഫുട്ബോൾ ടീം അംഗമായിരുന്നു മകൻ. കളിയ്ക്കിടയിൽ പന്ത് സമീപത്തെ കുളത്തിൽ വീണു. അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽതെറ്റി കുളത്തിലേക്ക്. ആ ഓളങ്ങളിൽ പന്ത് കരയ്ക്കടുക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ജീവിതം എന്നന്നേക്കുമായി കൈവിട്ടുപോയതായി രാമകൃഷ്ണൻ വിലയിരുത്തി. ജോലി രാജിവച്ചാലോ. എന്തിന് ജീവിക്കണം. മതിയായി എന്നൊക്കെ ചിന്തിച്ചു വലഞ്ഞു. ഉറക്കഗുളികകളും വെള്ളവുമായി രാമകൃഷ്ണനും ഭാര്യയും മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോഴാണ് പത്മകുമാറിന്റെ അപ്രതീക്ഷിത വരവ്. അവിടേക്ക് അപ്പോൾത്തന്നെ അയച്ചത് ദൈവം മാത്രമാണെന്ന് പത്മകുമാർ വിശ്വസിക്കുന്നു.
ഇനി സംഭവത്തിന്റെ രണ്ടാം ഭാഗം. രാമകൃഷ്ണന് ഇപ്പോൾ 134 മക്കളുണ്ട്. അവരുടെ എല്ലാ ചെലവും തന്റെയും ഭാര്യയുടെയും ശമ്പളം കൊണ്ട് നോക്കാൻ പറ്റുന്നു. അവരുടെ സന്തോഷവും സ്നേഹവും കാണുമ്പോൾ തന്റെ തീരാനോവ് മറന്നുപോകും. അവർക്കുവേണ്ടി ജീവിക്കണമെന്ന് തോന്നുന്നു. ആ കുട്ടികൾ അനാഥരല്ല എന്ന ബോധമുണ്ടാക്കാനായല്ലോ എന്ന ചാരിതാർത്ഥ്യമാണ് രാമകൃഷ്ണന്. വിധി ചിലരെ തോല്പിക്കാൻ നോക്കും. പക്ഷേ സംഭവിച്ചതിനെ മറക്കാൻ ഒരു വഴിയേയുള്ളൂ. പോസിറ്റീവായ ചിന്ത.
കൈയിലിരുന്ന വിളക്ക് കെട്ടുപോയാലും വിദൂരപ്രകാശം തേടിപോകുന്നതിനുള്ള മനസുണ്ടായാൽ മതി. രാമകൃഷ്ണൻ ഇപ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാണ്. അല്ല ,കാണപ്പെട്ട ദൈവം തന്നെയാണ്.
(ഫോൺ: 9946108220)